കരയില്‍ ലോറി ഇല്ലെന്ന് സ്ഥിരീകരിച്ച് സെെന്യം; ഗം​ഗാവാലി നദി കേന്ദ്രീകരിച്ച് പരിശോധന

 

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസമാണ് പുരോഗമിക്കുന്നത്. കരയിലെ മൺകൂനയ്ക്ക്  അടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു  ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്ന് കരയിലും പുഴയിലുമായിരുന്നു തിരച്ചില്‍ നടത്തിയത്.

റോഡിലേക്ക് ഇടിഞ്ഞിറങ്ങിയ മണ്ണ് ഇതിനോടകം പൂര്‍ണമായും നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കരയില്‍ നടത്തിയ ഇന്നത്തെ പരിശോധനയിലും സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ  ലോറി കരയിലില്ലെന്ന നിഗമനത്തിലാണ് സൈന്യം. ഇടിഞ്ഞു വീണ മണ്ണിനൊപ്പം ലോറി ഗം​ഗാവാലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് തുടര്‍ പരിശോധനകള്‍ പുരോഗമിക്കുന്നത്.  ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം പറഞ്ഞു. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്ത് പരിശോധിക്കുകയാണ് ഒരു സംഘം. എം.കെ. രാഘവന്‍ എംപിയും മഞ്ചേശ്വരം എംഎല്‍എയും പ്രദേശത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

അതേസമയം ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അർജുന്‍റെ വാഹനം വരുന്ന സിസി ടിവി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചു. ലോറി, മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്ന കാര്യം ഇതിലൂടെ വ്യക്തമാണ്. പുഴയിലെ പരിശോധനയ്ക്കായി കൂടുതൽ ഉപകരണങ്ങൾ നാവികസേന എത്തിക്കും. ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് കോഴിക്കോട് സ്വദേശിയായ അര്‍ജുനെ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായത്. അപകടശേഷം പ്രവർത്തനരഹിതമായിരുന്ന അർജുന്‍റെ ഫോൺ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിംഗ് ചെയ്തതും ലോറിയുടെ എൻജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നൽകി. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. പ്രദേശത്ത് ഇടയ്ക്കിടയ്ക്ക് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. അത്യന്തം ദുഷ്കരമായ ദൗത്യം പ്രതികൂല സാഹചര്യത്തിലും പുരോഗമിക്കുകയാണ്.

Comments (0)
Add Comment