ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വീണ്ടും കൂടിക്കാഴ്ച നടത്തി .ഇതു നാലാം തവണയാണു പോംപെയോ ഉത്തരകൊറിയയിലെത്തുന്നത്.
സമാധാനത്തിലേക്കുള്ള യാത്രയ്ക്കിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വളർത്തുകയെന്നതാണു തന്റെ സന്ദർശന ലക്ഷ്യമെന്നു പോംപെയോ കൂടിക്കാഴ്ചയെപ്പറ്റി പറഞ്ഞു. സിംഗപ്പൂർ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാർ അനുസരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപത്തേക്കാൾ ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു ഇത്തവണത്തേതെന്നു ചർച്ചയ്ക്കു ശേഷം പോംപെയോയുടെ വക്താവ് വ്യക്തമാക്കി. കിമ്മുമായുള്ള ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. എന്നാൽ കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും സമാധാനത്തിലേക്കുള്ള വഴി ഇനിയും ഏറെ താണ്ടാനുണ്ടെന്നും വക്താവ് അറിയിച്ചു.യുഎസ് പ്രതിനിധി സംഘത്തോടൊപ്പം ഇതു നാലാം തവണയാണു പോംപെയോ ഉത്തരകൊറിയയിലെത്തുന്നത്. സിംഗപ്പൂർ ഉച്ചകോടിയിലെ ഉറപ്പുകൾ ഉത്തര കൊറിയ പാലിക്കുന്നതിലെ പുരോഗതിയും പോംപെയോയുടെ സംഘം വിലയിരുത്തി.
കിമ്മുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നതു സംബന്ധിച്ച ചർച്ചകളും നടന്നു.
യുഎസും ഉത്തര കൊറിയയും തമ്മിൽ ആണവനിരായുധീകരണം സംബന്ധിച്ചു നിലനിൽക്കുന്ന ചില പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു പ്രധാനമായും ഇത്തവണത്തെ കൂടിക്കാഴ്ച. ദക്ഷിണ കൊറിയയിലും ചൈനയിലും പോംപിയോ സന്ദർശനം നടത്തുന്നുണ്ട്.