മുംബൈയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പൊലീസ് ലാത്തിവീശി

Jaihind News Bureau
Tuesday, April 14, 2020

മുംബൈ ബാന്ദ്രയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ലോക്ക് ഡൗണ്‍ അവസാനിച്ചുവെന്ന ധാരണയിലാണ് തൊഴിലാളികള്‍ സംഘടിച്ച് പുറത്തിറങ്ങിയത്. നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ആവശ്യപ്പെട്ടാണ് ഇവർ പുറത്തിറങ്ങിയത്. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അതേസമയം, അതിഥി തൊഴിലാളികളുടെ പ്രശ്നം കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചു.

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് നടപ്പാക്കാന്‍ നിർബന്ധിതമായ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് നൂറുകണക്കിന് അതിഥി തൊഴിലാളികൾ ബാന്ദ്രയില്‍ റോഡിൽ പ്രതിഷേധവുമായി ഇറങ്ങിയത്. സമീപപ്രദേശത്തെ ചേരികളിൽ വാടകയ്ക്ക് താമസിക്കുന്ന ദിവസ വേതനക്കാരായ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുമതിയും ഗതാഗത ക്രമീകരണവും ആവശ്യപ്പെട്ട് സംഘടിച്ച് പുറത്തിറങ്ങിയത്.പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവർ.

വൈകിട്ട് 4 മണിയോടെ, ബാന്ദ്ര റെയിൽ‌വേ സ്റ്റേഷന് സമീപം ദിവസക്കൂലിക്കാരായ ആയിരത്തഞ്ഞൂറോളം തൊഴിലാളികള്‍ ഒത്തുകൂടി റോഡിലേയ്ക്ക് കുതിച്ചുകയറുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തൊഴിലാളികൾ സംസ്ഥാന അതിർത്തികൾ തുറക്കാനായി പ്രധാനമന്ത്രി ഉത്തരവിട്ടെന്ന് കരുതിയിരിക്കാം എത്തിയതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.

എൻ‌ജി‌ഒകളും പ്രദേശവാസികളും ഭക്ഷണം നൽകുന്നുണ്ടെന്നും എന്നാല്‍ ലോക്ക് ഡൗണ്‍ ഉപജീവന സ്രോതസ്സിനെ സാരമായി ബാധിച്ചുവെന്നും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് തൊഴിലാളികള്‍ വാർത്താ ഏജൻസിയായ പി‌ടി‌ഐയോട് പറഞ്ഞു. ലോക്ക് ഡൗണ്‍ വീണ്ടും നീട്ടുന്നുവെന്ന പ്രഖ്യാപനം കൂടുതല്‍ ദുഃഖിപ്പിക്കുന്നുവെന്നു തങ്ങളെ അത് കൂടുതല്‍ ദുരിതത്തിലാക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു.
സ്വന്തം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മടങ്ങുന്നതിന് ഗതാഗത സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.