‘ആക്രമിച്ചത് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെട്ട സംഘം’; എംജി യൂണിവേഴ്സിറ്റി സംഘർഷത്തില്‍ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

Jaihind Webdesk
Monday, October 25, 2021

 

കോട്ടയം : എംജി സർവകലാശാല സംഘർഷവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് വനിതാ നേതാവിന്‍റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തി. ആദ്യ മൊഴിക്ക്‌ ശേഷം പൊലീസ് രേഖപ്പെടുത്താതെ പോയ മന്ത്രിയുടെ പേഴ്സണൽ
സ്റ്റാഫംഗം അരുണിന്‍റെ പേര് പുതുതായി എടുത്ത മൊഴിയിൽ പോലീസ് രേഖപ്പെടുത്തി. കോട്ടയത്ത് നിന്നെത്തിയ പൊലീസ് സംഘം പറവൂർ സ്റ്റേഷനിൽ എത്തിയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്.

എംജി സർവകലാശാല സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് വനിതാ നേതാവിനോട് അപമര്യാദ്യയായി പെരുമാറിയ കേസിലാണ് പൊലീസ് വീണ്ടും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം ആദ്യ മൊഴിയിൽ വിട്ടുപോയ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ കെഎം അരുണിന്‍റെ പേരാണ് ഇപ്പോൾ എടുത്ത മൊഴിയിൽ പുതുതായി ഉള്‍പ്പെടുത്തിയത്. അരുൺ ഉൾപ്പെട്ട സംഘമാണ് തന്നെ അക്രമിച്ചത് എന്നാണ് എഐഎസ്എഫ്  പ്രവർത്തകയുടെ മൊഴി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഇയാളുടെ പേര് ചേർത്തിരുന്നില്ല.

എന്നാൽ പർട്ടി തനിക്ക് പിന്തുണ നൽകിയതിനാൽ പാർട്ടി ഓഫീസിൽ വെച്ച് മൊഴി എടുക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം പൊലീസ് തള്ളി. ആദ്യം പൊലീസ് തന്‍റെ ആവശ്യം അംഗീകരിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റിയെന്നും എഐഎസ്എഫ് വനിതാ നേതാവ് ആരോപിച്ചു. പിന്നീട് പറവൂർ സ്റ്റേഷനിൽ പരാതിക്കാരിയെ എത്തിച്ച് കോട്ടയത്ത് നിന്നെത്തിയ പൊലീസ് സംഘം മൊഴി രേഖപ്പെടുത്തുകയായിരുന്നു.