ഇഎംസിസിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മേഴ്സിക്കുട്ടിയമ്മ ; പ്രതിപക്ഷ നേതാവ് പുറത്തുവിട്ട തെളിവില്‍ വെട്ടിലായി ഫിഷറീസ് മന്ത്രി

 

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ വെട്ടിലായി മന്ത്രി  മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെളിവുകള്‍ പുറത്തുവിട്ടതോടെ ഗത്യന്തരമില്ലാതെ ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് മന്ത്രിക്ക് തുറന്നുസമ്മതിക്കേണ്ടിവന്നു. കള്ളി പൊളിഞ്ഞതോടെ ചില ഉദ്യോഗസ്ഥരെ പഴി ചാരാനും മന്ത്രി ശ്രമം നടത്തി.

അതേസമയം സർക്കാരിന്‍റെ ഫിഷറീസ് നയങ്ങള്‍ തിരുത്തിയിട്ടില്ലെന്നും ന്യൂയോർക്കില്‍വെച്ച് ചർച്ച നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇഎംസിസി പ്രതിനിധികള്‍ കേരളത്തില്‍ വന്ന് തന്നെ കണ്ടിട്ടുണ്ട്. ആളുകള്‍ വന്ന് കാണുന്നത് അപരാധമല്ലെന്നും മന്ത്രി ന്യായീകരിച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി ചെയ്തിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥനാണെന്ന നിരുത്തരവാദപരമായ പ്രസ്താവനയും മന്ത്രി നടത്തി. നേരത്തെ അമേരിക്കയില്‍ മൂന്ന് ദിവസം മാത്രമാണ് ഉണ്ടായിരുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയും തെറ്റാണെന്ന് തെളിഞ്ഞിരുന്നു. അഞ്ച് ദിവസം അമേരിക്കയിലുണ്ടായിരുന്നു എന്നതിന്‍റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.

ഇഎംസിസി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ചിത്രം രാവിലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.   മന്ത്രിയും ഇഎംസിസി ഡയറക്ടറും ഫിഷറീസ് ഡയറക്ടറുമാണ് ചിത്രത്തില്‍. എന്തിനാണ് ഈ ചർച്ച എന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത് പ്രകാരമാണ് കമ്പനി കേരളത്തിലേക്ക് വന്നത് എന്ന് വ്യക്തമാക്കുന്ന രേഖകളും അദ്ദേഹം പുറത്തുവിട്ടു. ആരെ കബളിപ്പിക്കാനാണ് മന്ത്രി ഒന്നും അറിഞ്ഞില്ല എന്ന് നടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സർക്കാരിന്‍റെ മറ്റ് തട്ടിപ്പുകൾ പോലെ സംശയത്തിന്‍റെ മുന നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മന്ത്രിമാർ ഇന്നലെ പറഞ്ഞത് പച്ചക്കള്ളമാണ്. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments (0)
Add Comment