കൃപേഷിനും ശരത്‌ലാലിനും നിത്യസ്മാരകം; സ്മൃതിമണ്ഡപം സമര്‍പ്പിച്ചു

Jaihind Webdesk
Monday, August 26, 2019

കാസര്‍കോട് പെരിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ഒര്‍മ്മയ്ക്കു വേണ്ടി നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തിന്റെ സമര്‍പ്പണം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. നേരിട്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ശബ്ദ സന്ദേശത്തിലുടെയാണ് അദ്ദേഹം സമര്‍പ്പണം നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും അന്ത്യ വിശ്രമം കൊള്ളുന്ന കല്ല്യോട്ടാണ് അഞ്ച് ലക്ഷം രൂപ ചിലവില്‍ കാസര്‍കോട് ഡി.സി.സിയുടെ നേതൃത്വത്തില്‍ സ്മൃതിമണ്ഡപം ഒരുക്കിയത്. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ചടങ്ങിന് എത്താന്‍ കഴിയാതിരുന്ന ഉമ്മന്‍ചാണ്ടി മൊബെലല്‍ ശബ്ദ സംപ്രേഷണത്തിലൂടെ സ്മൃതി മണ്ഡപം നാടിന് സമര്‍പ്പിച്ചു.

ശരത്തിനെയും കൃപേഷിനെയും കൊല ചെയ്ത അവസാനത്തെ പ്രതികളെയും പിടികൂടണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം വിന്‍സന്റ് എം.എല്‍.എ, കെ.പി.സി.സി. ജന സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.