ഉമ്മൻചാണ്ടിക്ക് സ്മരണാജ്ഞലി; ഛായാചിത്രം കാല് കൊണ്ട് വരച്ച് ഒരു കലാകാരന്‍

 

കണ്ണൂർ: തന്‍റെ പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ ഛായാചിത്രം കാല് കൊണ്ട് വരച്ച് സ്മരണാജ്ഞലി അർപ്പിച്ച് കണ്ണൂർ കാങ്കോൽ ആലപ്പടമ്പിലെ വൈശാഖ് ഏറ്റുകുടുക്ക എന്ന യുവ പ്രതിഭ. ജന്മനാ ഭിന്നശേഷിക്കാരനായ വൈശാഖ് കാല് കൊണ്ട് വരച്ച എണ്ണ ഛായചിത്രം ഏവരെയും ആകർഷിക്കുന്നതാണ്.

അയ്യായിരത്തിൽ അധികം ചിത്രങ്ങളാണ് കാങ്കോൽ ആലപ്പടമ്പിലെ വൈശാഖ് ഏറ്റുകുടുക്ക എന്ന ചിത്രക്കാരൻ സ്വന്തം കാല് കൊണ്ട് വരച്ചത്. ഉമ്മൻചാണ്ടി എന്ന മനുഷ്യ സ്നേഹിയുടെ ചിത്രം വരക്കുമ്പോൾ വൈശാഖിന് ഒരു ചിന്ത മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത്. ആ മനുഷ്യ സ്നേഹിയുടെ മുഖത്തിന്‍റെ നേർക്കാഴ്ച്ചയാവണം താൻ വരക്കുന്ന ഛായാചിത്രവും. വൈശാഖിന് ഉമ്മൻചാണ്ടിയോടുള്ള ഇഷ്ടമാണ് അദ്ദേഹത്തിന്‍റെ ചിത്രം വരക്കാൻ പ്രേരണയായത്.

ഉമ്മൻചാണ്ടിയുടെ ചിത്രം പൂർത്തിയായപ്പോൾ ഒരുപാട് പേരാണ് അഭിനന്ദനവുമായി വൈശാഖിന് അടുക്കൽ എത്തിയത്.
കോരി പെയ്യുന്ന മഴയുടെ ശബ്ദകോലാഹലങ്ങൾക്കിടെ വീടിന് അകത്ത് ഇരുന്ന് രണ്ട് ദിവസമെടുത്താണ് ഉമ്മൻചാണ്ടിയുടെ ഛായാചിത്രം കാല് കൊണ്ട് വരച്ച് വൈശാഖ് പൂർത്തിയാക്കിയത്.

യൂത്ത് കോൺഗ്രസിന്‍റെ കാങ്കോൽ ആലപ്പടമ്പ് മണ്ഡലം പ്രസിഡന്‍റ് ആണ് വൈശാഖ്. കമ്യൂണിസ്റ്റ് ഗ്രാമത്തിൽ മൂവർണ കോടിയെ നെഞ്ചേറ്റിയവൻ. കോൺഗ്രസ്സിന്‍റെ രക്തസാക്ഷികളായ ഷുഹൈബും, ശരത്ത് ലാലും, ക്യപേഷുമെല്ലാ വൈശാഖിന്‍റെ ചിത്രങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. താൻ വരച്ച ചിത്രങ്ങൾ സുഹൃത്തുകൾക്കും, അടുപ്പക്കാർക്കും സമ്മാനിക്കുകയാണ് വൈശാഖിന്‍റെ പതിവ്. എന്നാൽ തന്‍റെ പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ ഛായാചിത്രം വീട്ടിൽ തന്നെ സൂക്ഷിക്കുവാനാണ് വൈശാഖിന്‍റെ തീരുമാനം.

Comments (0)
Add Comment