കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൂന്ന് മണിക്കൂര്‍ കൊണ്ട് ആലുവയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച അവയവം എടുത്തുവെക്കാന്‍ പോലും ആളുണ്ടായിരുന്നില്ല. ഡോക്ടർമാരാണ് അവയവം ഏറ്റുവാങ്ങേണ്ടിയിരുന്നത്. പെട്ടി എടുത്തുകൊണ്ട് ഓടാന്‍ ഡിവൈഎഫ്ഐക്കാരനെ ചുമതലപ്പെടുത്തിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു.
സോഷ്യല്‍ മീഡിയയില്‍ പടം വരാന്‍ വേണ്ടിയാണ് പെട്ടി എടുത്ത് ഓടിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഡോക്ടര്‍മാര്‍ അവയവം ഏറ്റുവാങ്ങി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകേണ്ടതായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ ജീവന് ഒരു വിലയും നല്‍കാത്ത തരത്തില്‍ ആരോഗ്യ വകുപ്പ് തകര്‍ന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.