ഫീസ് പുതുക്കി വിജ്ഞാപനമിറക്കിയില്ല; സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനം അനിശ്ചിതത്വത്തില്‍

Jaihind Webdesk
Thursday, June 27, 2019

medical-students-fees-news

ഫീസ് പുതുക്കി വിജ്ഞാപനമിറക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനം അനിശ്ചിതത്വത്തിലായി. എംബിബിഎസ് പ്രവേശനത്തിനുള്ള വിജ്ഞാപനം ഇന്ന് ഇറക്കുമെന്നാണ് അറിയിച്ചിരുന്നത്. അതേ സമയം പ്രശ്നം പരിഹരിക്കേണ്ട ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.

ഈ വർഷത്തെ ഫീസ് പുതുക്കാതെ പ്രവേശനം തുടങ്ങാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റുകൾ. സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുടെ രണ്ട് അസോസിയേഷനുകളും ഇക്കാര്യം രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. ഇതോടെ ഇന്ന് വിജ്ഞാപനം ഇറക്കി ഓപ്ഷൻ റജിസ്ട്രേഷനിലേക്ക് കടക്കാനുള്ള തീരുമാനം അവതാളത്തിലായി. കഴിഞ്ഞ വർഷത്തെ മെഡിക്കൽ ഫീസ് കോടതി റദ്ദാക്കിയെങ്കിലും ഇതേവരെ പുതുക്കി നിശ്ചയിച്ചിട്ടില്ല. ഈ വർഷത്തെ ഫീസ് എത്രയെന്നും നിശ്ചയിച്ചിട്ടില്ല. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി പിന്നീടു നിശ്ചയിക്കുന്ന ഫീസ് നൽകാമെന്ന് വിദ്യാർഥികളിൽ നിന്നു സത്യവാങ്മൂലം വാങ്ങി പ്രവേശനം നടത്താൻ സർക്കാർ ആലോചിച്ചിരുന്നുവെങ്കിലും അത് സാധിക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റുകൾ.

മാനേജ്മെന്‍റുകളുടെ സഹകരണമില്ലാതെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നടത്താനാവില്ല. അല്ലെങ്കിൽ സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് മാത്രമായി പ്രവേശന നടപടികൾ തുടങ്ങേണ്ടി വരും. പ്രശ്നത്തിനു പരിഹാരം കാണേണ്ടത് ആരോഗ്യ വകുപ്പാണെങ്കിലും വിഷയത്തിൽ കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല. മാനേജ്മെന്‍റുകളുമായി ചർച്ച നടത്താനും ഇതേവരെ തീരുമാനിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനം പൂർണമായും അനശ്ചിതത്വത്തിലാണ്.