മയ്യനാട് ബാങ്ക് തട്ടിപ്പ്; സിപിഎമ്മിനെതിരെ പരസ്യ പ്രതികരണം നടത്തിയ ബാങ്ക് പ്രസിഡന്‍റിന്‍റെ രാജി ചോദിച്ചുവാങ്ങി നേതൃത്വം

Jaihind Webdesk
Saturday, September 25, 2021

 

കൊല്ലം : സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്ന സിപിഎം നിയന്ത്രണത്തിലുള്ള കൊല്ലം കൂട്ടിക്കട മയ്യനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പാർട്ടി നിർദ്ദേശത്തെ തുടർന്ന് രാജിവെച്ചു. ജില്ലാ നേതൃത്വത്തിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ഏരിയാ കമ്മറ്റി യോഗത്തിലാണ് പ്രസിഡന്‍റും മുതിർന്ന സിപിഎം നേതാവുമായ എൻ ശ്രീസുതന്‍റെ രാജി പാർട്ടി നേതൃത്വം ആവശ്യപ്പെട്ട് വാങ്ങിയത്.

ബിനാമി ഇടപാടിൽ വിലകുറഞ്ഞ ചതുപ്പ് സ്ഥലങ്ങൾ വാങ്ങി ബാങ്ക് സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മറ്റി അംഗമായ ജീവനക്കാരനും ചേർന്ന് ഉയർന്ന തുകയ്ക്ക് ബാങ്കിൽ പണയപ്പെടുത്തി കോടികൾ തട്ടിയെടുത്തതായി രേഖകൾ സഹിതം  ഒരു വിഭാഗം ജീവനക്കാർ സഹകരണ വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സിപിഎം ഏരിയാ നേതൃത്വം ബാങ്ക് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബാങ്ക് പ്രസിഡന്‍റ് ശ്രീസുതൻ നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രസിഡന്‍റിന്‍റെ രാജി പാർട്ടി നേതൃത്വം ആവശ്യപ്പെട്ട് വാങ്ങിയത്.