മേയർക്കും ഭർത്താവ് സച്ചിൻദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാതെ പോലീസ്; ശക്തമായ പ്രതിഷേധവുമായി ടിഡിഎഫും യൂത്ത് കോണ്‍ഗ്രസും

 

തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ  മേയർക്കും ഭർത്താവ് സച്ചിൻദേവ് എംഎൽഎ യ്ക്കു
എതിരെ കെഎസ്ആർടിസി ഡ്രൈവർ നൽകിയ പരാതിയിൽ കേസെടുക്കാതെ പോലീസ്. മേയർക്കും എംഎൽഎക്കും എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി തൊഴിലാളി സംഘടനയായ ടിഡിഎഫും യൂത്ത് കോൺഗ്രസും തലസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പോലീസിന്‍റെ ഇരട്ടനീതി നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനിടയിൽ ഡ്രൈവറെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയ കെഎസ്ആർടിസി നിലപാടിനെതിരെ ഐഎൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് ചീഫ് ഓഫീസിലേക്കു മാർച്ച് നടത്തി. മേയറും എംഎൽഎയും നടത്തിയ അതിക്രമത്തിനെതിരെ കേസെടുക്കണമെന്നും യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട് ഡ്രൈവറെ അറസ്റ്റ് ചെയ്ത പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത് എം. വിൻസന്‍റ് എംഎൽഎ ആവശ്യപ്പെട്ടു.

ഓവർ ടേക്കിംഗ് നിരോധിത മേഖല എന്ന ബോർഡ് നഗരസഭയുടെ മുന്നിൽ സ്ഥാപിച്ചും കെഎസ്ആർടിസി ബസുകളിൽ മേയർക്കെതിരെ പോസ്റ്റർ പതിച്ചും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മേയർക്കും എംഎൽഎക്കും  എതിരെ കേസെടുത്തില്ലെങ്കിൽ ശക്തമായ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ പറഞ്ഞു. ഡ്രൈവറുടെ പരാതിയിൽ വിചിത്ര നിലപാടുമായി കേസെടുക്കാത്ത പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. നീതി തേടി ഹൈക്കോടതിയെ സമീപിക്കുവാൻ ഒരുങ്ങുകയാണ് ഡ്രൈവർ യദു.

Comments (0)
Add Comment