മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: അന്വേഷണം എങ്ങും എത്താതെ, ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദു ഹൈക്കോടതിയിൽ

 

തിരുവനന്തപുരം: മേയറുമായുള്ള തർക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഡ്രൈവർ യദു നീതി തേടി ഹൈക്കോടതിയിലേക്ക്. ഒന്നുകിൽ തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്നും അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറിയിക്കണമെന്നും ആവശ്യപ്പെട്ടാണ് യദു ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. ഏറെ വിവാദം ഉയർത്തിയ സംഭവമുണ്ടായി മൂന്നുമാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് യദു നീതി തേടി ഹൈക്കോടതിയിൽ എത്തുന്നത്. ഇതിനിടയിൽ യദുവിനെതിരെ മേയർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം പലതലങ്ങളിൽ നടന്നിരുന്നു. കെഎസ്ആർടിസി ബസ്സിലെ ഏറെ നിർണായകമായ സിസിടിവി മെമ്മറി കാർഡ് കണ്ടെത്തുവാൻ കഴിയാതിരുന്നതോടെ അന്വേഷണങ്ങൾ വഴിമുട്ടുകയായിരുന്നു.

കെഎസ്ആർടിസിയിലെ താല്‍ക്കാലിക ഡ്രൈവർ ആയ യദുവിനെ സംഭവത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. സെക്യൂരിറ്റി ഡെപോസിറ്റായി പതിനായിരം രൂപ നൽകിയായിരുന്നു യദു താൽക്കാലിക ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ നിന്നും പിരിച്ചുവിടാത്തതിനാൽ മറ്റൊരു ജോലിക്ക് പോകുവാൻ കഴിയാത്ത അവസ്ഥ കൂടി ഉണ്ടായതോടെ യദുവിന്‍റെ കുടുംബം സാമ്പത്തിക പരാധീനതയിലാണ്.  അച്ചനും അമ്മയും മൂന്ന് വയസുള്ള കുഞ്ഞുമടക്കം കഴിയുന്ന കുടുംബം പട്ടിണിയിലായി.  ഈ സാഹചര്യത്തിലാണ് നീതിതേടി യദു ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് നീതി നിഷേധിച്ചു കൊണ്ട് കെഎസ്ആർടിസി മാനേജ്മെന്‍റും മേയറും ചേർന്ന് നടത്തുന്ന ഒത്തു കളിക്കെതിരെയാണ് യദു ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.

 

Comments (0)
Add Comment