തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ബസ് ഡ്രെെവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവർ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയുമാണ് യദു പരാതി നല്‍കിയത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. കമ്മീഷന് ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ആണ് അന്വേഷണ റിപ്പോര്‍ട്ട് സമ്മർപ്പിക്കാന്‍ ഉത്തരവിട്ടത്. കേസ് മേയ് 9നു തിരുവനന്തപുരത്ത് കമ്മീഷന് ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെയാണ് പരാതി.
ഏപ്രിൽ 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഏപ്രിൽ 27നു കെഎസ്ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്നും തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. അന്ന് രാത്രി തന്നെ കന്റോൺമെന്റ് എസ്എച്ച്ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. എന്നാല്‍ അന്വേഷണം ഒന്നും തന്നെ നടത്താതെ തന്നെ തനിക്കെതിരെ കേസ് എടുത്തുവെന്ന് യദു ആരോപിക്കുന്നു. കന്റോൺമെന്റ് എസ്എച്ച്ഒയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് യദുവിന്റെ ആവശ്യം.