പി വി സിന്ധുവിന് സ്വീകരണം ഒരുക്കുന്നതിലും രാഷ്ട്രീയ മുതലെടുപ്പിന് മേയര്‍; മേയറുടെ തെരഞ്ഞെടുപ്പ് പ്രചാരണ നാടകത്തിന് വ്യാപക വിമർശനം

ലോക ബാറ്റ്മിന്‍റൺ ചാമ്പ്യൻ പി വി സിന്ധുവിന് സ്വീകരണമൊരുക്കി മേയറുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം.  മേയർ പദവി ദുർ വിനിയോഗപ്പെടുത്തിയാണ് ഇടത് സ്ഥാനാർത്ഥി കൂടിയായ പ്രശാന്തിന്‍റെ പ്രവർത്തി.  നഗരസഭയ്ക്ക് മുന്നിലേ മേയറുടെ നാടകത്തിന് വ്യാപക വിമർശനമാണ് നേരിടേണ്ടി വരുന്നത്.

ലോക ബാറ്റ്മിന്‍റൺ ചാമ്പ്യൻ പി.വി.സിന്ധുവിനെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാരും, കേരളാ ഒളിമ്പിക്  അസോസിയേഷനും സംയുക്തമായി തിരുവനന്തപുരത്ത് സ്വീകരണം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കായിക മന്ത്രി ഇ.പി.ജയരാജൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിന് എത്തി. പരിപാടിക്ക് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയം മുതൽ ജിമ്മി ജോർജ് സ്റ്റേഡിയം വരെ പി.വി സിന്ധുവിനായി റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.

ഇതിനിടയിലാണ് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത് സ്ഥാനാർത്ഥി കൂടിയായ മേയർ വി.കെ.പ്രശാന്ത് പൊതുജന മധ്യത്തിൽ അധികാര ദുർവിനിയോഗം നടത്തിയത്. മേയർ സ്ഥാനം രാജിവെയ്ക്കാതെ തെരഞ്ഞെടുപ്പ് നേരിടുന്ന പ്രശാന്ത്, നഗരസഭാ ഓഫീസിന് മുന്നിൽ സിന്ധുവിന് സ്വീകരണം ഒരുക്കി. നഗരസഭയ്ക്ക് മുൻവശം സിന്ധുവിനെ കാണാൻ കാത്ത് നിന്ന ജനങ്ങൾക്ക് മുന്നിൽ,  പാല എം.എൽ.എ മാണി.സി. കാപ്പൻ പരസ്യമായി ഇടത് സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിച്ച് ഷാൾ അണിയിക്കുന്നു.  തുടർന്ന് തടിച്ച് കൂടിയ ജനത്തെ നോക്കി മേയർ നന്ദി സൂചകമായി കൈകൂപ്പി നിൽക്കുന്നു…

പിന്നാലെ തുറന്ന വാഹനത്തിൽ എത്തിയ സിന്ധുവിനെ നഗരസഭക്ക് മുന്നിൽ, തന്‍റെ പേര് വി.കെ. പ്രശാന്താണെന്നും, താൻ തിരുവനന്തപുരം മേയർ ആണെന്നും സ്വയം പരിചയപ്പെടുത്തി, പൂച്ചെണ്ടും, ഫലവും നൽകി. സിന്ധുവിനൊപ്പം വാഹനത്തിൽ കയറിയാണ് വി.കെ.പ്രശാന്ത് പദവി ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത്.  ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, പ്രശാന്ത് മൗനീഭാവത്തിൽ വോട്ടർമാരോട് വോട്ടഭ്യർത്ഥിക്കുകയാണ് ചെയ്തത്.

വട്ടിയൂർക്കാവിൽ ജനവിധി തേടുന്ന പ്രശാന്ത് പദവി ഒഴിയാതത്തിനാലും, ചുമതല ഡപ്യൂട്ടി മേയർക്ക് കൈമാറാത്തതിനാലും നഗരസഭയിലെ പ്രവർത്തനങ്ങൾ സംഭിച്ചിരിക്കുകയാണ്. നേരത്തെയും, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി മേയർ നഗരസഭാ വാഹനങ്ങൾ ദുരുപയോഗം ചെയ്തിരുന്നു. ഔദ്യോഗിക ഫോണും, പ്രിന്‍റിംങ്ങ് പ്രസ്സും തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചിരുന്നു. എന്തായാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പുലിവാല് പിടിച്ചിരിക്കുകയാണ് മേയർ.

 

https://youtu.be/YG3egdrL3R4

 

 

Trivandrum Mayormayor v.k prasanth
Comments (0)
Add Comment