പോരാട്ട വീഥിയില്‍ കരുത്തോടെ കെ.എസ്.യു ; ഇന്ന് അറുപത്തിമൂന്നാം സ്ഥാപക ദിനം

Jaihind News Bureau
Saturday, May 30, 2020

ഇന്ന് കേരള വിദ്യാർത്ഥി യൂണിയന്‍റെ അറുപത്തി മൂന്നാമത് സ്ഥാപകദിനം. ചരിത്രത്തിൽ ഇടം പിടിച്ച നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രസ്ഥാനം കൂടിയാണ് കേരള വിദ്യാർത്ഥി യൂണിയൻ. പ്രതിസന്ധികളുടെ കാലത്ത് പ്രത്യാശയുടെ രാഷ്ട്രീയമാണ് കെ.എസ്.യു മുന്നോട്ട് വെക്കുന്നത്.

1957 ൽ ആലപ്പുഴയുടെ മണ്ണിൽ പിറവിയെടുത്ത വിദ്യാർത്ഥി പ്രസ്ഥാനമാണ് കെ.എസ്.യു. ആറ് പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ പാരമ്പര്യം പേറുന്ന മതേതര വിദ്യാർത്ഥി സംഘടന. കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചപ്പോൾ സ്ഥാപക പ്രസിഡന്‍റായി ജോർജ് തരകനെയും ജനറൽ സെക്രട്ടറിയായി വയലാർ രവിയെയും തെരഞ്ഞെടുത്തു. പിന്നീട് കോൺഗ്രസ് പാർട്ടിയുടെ മുൻനിരയിലെത്തിയ നേതാക്കളെല്ലാം കെ.എസ്.യുവിന്‍റെ ഭാഗമായി കടന്നുവന്നവരാണ്. 1959ൽ ആലപ്പുഴയിൽ ബോട്ട് സർവീസിന്‍റെ ചാർജ് വർധിപ്പിച്ചതിനെതിരെ നടത്തിയ ഒരണ സമരത്തിൽ തുടങ്ങുന്നു കേരള വിദ്യാർത്ഥി യൂണിയന്‍റെ ചരിത്ര പോരാട്ടങ്ങളുടെ കഥ. കേരള ചരിത്രത്തിന്‍റെ ഏടുകളിൽ കുറിച്ചിട്ട വിമോചന സമരത്തിന് നേതൃത്വം നൽകി അന്ന് മുതൽ ഇന്ന് വരെ വിദ്യാർത്ഥി ശബ്ദമായി കെ.എസ്.യു മുന്നിലുണ്ട്.

വി.എസിന്‍റെ ഭരണകാലത്ത് ‘മതമില്ലാത്ത ജീവൻ’ എന്ന പാഠപുസ്തകത്തിലെ മതനിന്ദക്കെതിരെ തെരുവീഥികളിൽ പ്രതിഷേധത്തിന്‍റെ മുദ്രാവാക്യങ്ങൾ ഉയർത്തിയതും കേരള വിദ്യാർത്ഥി യൂണിയനാണ്. സ്വാശ്രയ ഫീസ് വർധനക്കെതിരെ വിദ്യാർത്ഥി ശബ്ദം അധികാരികളിൽ എത്തിച്ച പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രസ്ഥാനത്തിന് പറയാൻ നേട്ടങ്ങളേറെ. കേരളം കണ്ട ഏകാധിപതിയായ മുഖ്യമന്ത്രിക്ക് മുന്നിൽ അടിയറവ് പറയാത്ത പ്രസ്ഥാനം. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ ചങ്കുറപ്പോടെ ചോദ്യം ചെയ്തതും കെ.എസ്.യുവിന്‍റെ ചുണക്കുട്ടികൾ തന്നെ.

ഭരണസിരാകേന്ദ്രത്തിലെ വമ്പിച്ച സുരക്ഷാക്രമീകരണങ്ങൾ ഭേദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പടിവാതിൽക്കൽ എത്തി മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചപ്പോഴും പിണറായി വിജയൻ പൊലീസിനെ ഉപയോഗിച്ച് കെ.എസ്‌.യു പ്രവർത്തകരെ അടിച്ചമർത്താൻ ശ്രമിച്ചു. കേരള സർവകലാശാല എസ്.എഫ്.ഐ നേതാക്കൾക്ക് വേണ്ടി നടത്തിയ ഒത്തുകളി പുറത്തുവന്നപ്പോൾ കവടിയാറിലെ രാജവീഥിയിൽ ഗവർണറെ കാണാനെത്തിയ സർവകലാശാല വിസിക്കെതിരെയും പ്രതിഷേധമിരമ്പി. സർവകലാശാല ഉപരോധിച്ചും ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചും തിരുവനന്തപുരത്തെ തെരുവീഥികളിൽ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെ നിറസാന്നിധ്യമായി കേരള വിദ്യാർത്ഥി യൂണിയൻ.

എസ്.എഫ്.ഐ കുത്തകയാക്കി വെച്ചിരുന്ന യൂണിവേഴ്സിറ്റി കോളേജിലും കെ.എസ്.യു കൊടി ഉയർത്തി. അനന്തപുരിയുടെ ചരിത്രം ഉറങ്ങുന്ന യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐക്കാരുടെ ഏകാധിപത്യം തകർത്തു എന്ന നേട്ടവും കെ.എസ്.യുക്കാർക്ക് സ്വന്തം. വിദ്യാർത്ഥി സമൂഹത്തിനെതിരായുള്ള നീതി നിഷേധത്തിനും അവകാശ പോരാട്ടത്തിനും രാപ്പകൽ വ്യത്യാസമില്ലാതെ കെ.എസ്.യു എല്ലാക്കാലത്തും അമരത്ത് തന്നെയുണ്ട്. ഇനിയും അത് തുടരും.