സൗമ്യയെ മുമ്പും കൊല്ലാന്‍ ശ്രമിച്ചു; വധഭീഷണി ഉള്ള കാര്യം വള്ളിക്കുന്ന് എസ്.ഐയോട് പറഞ്ഞിരുന്നു; ഗുരുതര വെളിപ്പെടുത്തലുകളുമായി സൗമ്യയുടെ മാതാവ്

ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തി പെട്രോള്‍ ഒഴിച്ചുകൊലപ്പെടുത്തിയതിന് പിന്നില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണെന്ന് പൊലീസ്. വിവാഹ അഭ്യര്‍ത്ഥനയുമായി അജാസ് നിരന്തരം സൗമ്യയെ ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് സൗമ്യ വഴങ്ങിയിരുന്നില്ല. ഇതാണ് കൊലയ്ക്ക് കാരണമായി പൊലീസ് പറയുന്നത്.

അജാസില്‍ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക അജാസിന് നല്‍കാനായി കഴിഞ്ഞയാഴ്ച അമ്മയ്ക്കൊപ്പം സൗമ്യ കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ ഈ തുക വാങ്ങാന്‍ തയ്യാറായില്ല. ഇരുവരെയും വീട്ടിലേക്ക് തിരിച്ചുകൊണ്ട് ചെന്നാക്കിയതും അജാസ് തന്നെയാണെന്ന് പൊലീസ് പറയുന്നു.

അതേസമയം അജാസ് നേരത്തെയും മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി അമ്മ ഇന്ദിര പറഞ്ഞു. വായ്പ വാങ്ങിയ പണം തിരികെ കൊടുത്തിട്ടും അജാസ് വാങ്ങാന്‍ തയ്യാറായില്ല. ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം വള്ളിക്കുന്ന് എസ്ഐ മൂന്ന്് മാസം മുന്‍പ് അറിയിച്ചു

ഇന്നലെയായിരുന്നു സ്‌കൂട്ടറില്‍ വരികയായിരുന്ന സൗമ്യയെ വാഹനമിടിച്ച് വീഴ്ത്തിയ ശേഷം കൊടുവാള്‍ കൊണ്ട് വെട്ടിയും കുത്തിയും വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നത്. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നടക്കും. ആശുപത്രിയില്‍ ചികില്‍സയിലുളള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

ആലുവ ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പ്രതി അജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്നേഹബന്ധത്തിലുണ്ടായ ഉലച്ചിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന. ആസൂത്രിതവും ക്രൂരവുമായിരുന്നു കൊലപാതകം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്‌കൂട്ടറില്‍ പുറത്തേക്ക് പോവുകയായിരുന്ന സൗമ്യയെ വഴിയില്‍ കാത്തിരുന്ന പ്രതി കാറിച്ചുവീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിവാളുകൊണ്ട് വെട്ടി താഴെയിട്ടു. കയ്യില്‍ ഒരു കത്തിയും ചെറിയ വാളും പ്രതി കരുതിയിരുന്നു. പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ സൗമ്യ പ്രതിയെ കെട്ടിപ്പിടിച്ചു. അങ്ങിനെയാണ് പ്രതിക്ക് പൊള്ളലേറ്റത്.

police murdercrimesoumya murder
Comments (0)
Add Comment