പെരിയാറിലെ മത്സ്യക്കുരുതി: മലിനീകരണ നിയന്ത്രണ ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച്, സബ് കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ഇന്ന് തുടങ്ങും

 

കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ  പ്രതിഷേധിച്ച് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഏലൂരിലെ പൊലൂഷൻ കൺട്രോൾ ബോർഡ് ഓഫീസിലേക്ക് മാർച്ചും പ്രതിഷേധവും നടത്തി. മത്സ്യക്കുരുതിക്ക് കാരണം ജലസേചന വകുപ്പെന്നും മുന്നറിയിപ്പില്ലാതെ ബണ്ട് തുറന്നതാണ് കാരണമെന്നും പരിസര മലിനീകരണ ബോർഡ് വ്യവസായ ശാലകളിൽ നിന്നും പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് മത്സ്യങ്ങൾ ചാകാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.

150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയി. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. പെരിയാറിൽ തിങ്കളാഴ്ച വൈകീട്ട് ഏലൂർ ഭാഗത്താണ് വെള്ളത്തിന് നിറവ്യത്യാസം ആദ്യം കണ്ടത്. ചേരാനല്ലൂർ, കടമക്കുടി, വരാപ്പുഴ, മുളവുകാട് പ്രദേശങ്ങളിലേക്ക് ഇതു വ്യാപിച്ചു. പുഴയിൽനിന്നുമുള്ള രൂക്ഷമായ ഗന്ധം സഹിക്കാനാവാതെ സമീപവാസികൾ നോക്കിയപ്പോഴാണ് പുഴയുടെ അടിത്തട്ടിൽനിന്ന്‌ നൂറുകണക്കിനു മത്സ്യങ്ങൾ ശ്വാസം കിട്ടാതെ മേൽത്തട്ടിലേക്ക് പൊങ്ങിവരുന്നത് കണ്ടത്. പരിസരവാസികളും മത്സ്യതൊഴിലാളികളും വലയുമായിട്ടെത്തി മത്സ്യം കോരിയെടുത്തെങ്കിലും വൈകാതെ അവയെല്ലാം ചത്തു. ഈ മത്സ്യങ്ങൾ വിൽക്കുന്നത് നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞിരുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു. പെരിയാറിന്‍റെ സമീപത്തെ വ്യവസായശാലകളിൽനിന്ന്‌ രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണമെന്നും മലിനജലം ഒഴുക്കിവിടുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

പുഴകളിലും കായലുകളിലും വ്യവസായ മാലിന്യം ഒഴുക്കിവിട്ട്‌ ജലവും മത്സ്യസമ്പത്തും മലിനമാക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ആവശ്യപ്പെട്ടു. പെരിയാറിനു സമീപമുള്ള വ്യവസായ സ്ഥാപനങ്ങൾ മാലിന്യം തള്ളിയിട്ടും ഇതു തടയേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവാദിത്വത്തിൽനിന്നു പിന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും ജില്ല ഭരണകൂടം ഇടപെടണമെന്നും ജില്ലാ പ്രസിഡന്‍റ് യേശുദാസ് പറപ്പിള്ളി, സെക്രട്ടറി ടി.കെ. ഭാസുരദേവി എന്നിവർ ആവശ്യപ്പെട്ടു.

മത്സ്യങ്ങൾ കൂട്ടത്തോടെചത്തു പൊങ്ങിയതിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. ഫോർട്ട്‌ കൊച്ചി സബ് കളക്ടർ കെ. മീര എടയർ വ്യവസായ മേഖലയിലെത്തും. മലിനീകരണ നിയന്ത്രബോർഡ്, ജലസേചന വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവരെല്ലാം ഒരുമിച്ചുള്ള അന്വേഷണമാണ്. ഒരാഴ്ചക്കകം റിപ്പോർട്ട് കൊടുക്കാനാണ് കളക്ടറുടെ നിർദേശം.

.

Comments (0)
Add Comment