മാസപ്പടി വീണ്ടും സഭയില്‍ ഉയർത്തി മാത്യു കുഴല്‍നാടന്‍; തടസപ്പെടുത്തി സ്പീക്കർ, മൈക്ക് ഓഫ് ചെയ്തു

 

തിരുവനന്തപുരം: മാസപ്പടി ആരോപണം വീണ്ടും നിയമസഭയിൽ ഉയർത്തി മാത്യു കുഴൽനാടൻ. വ്യവസായ വകുപ്പ് ചർച്ചയ്ക്കിടെയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ രേഖകളിൽ എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്ന് വ്യക്തമാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഇടപെട്ട സ്പീക്കർ എ.എൻ. ഷംസീർ മാത്യു കുഴൽനാടന്‍റെ മൈക്ക് ഓഫ് ചെയ്തു.

മാസപ്പടിയിൽ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞാണ് മാത്യു കുഴൽനാടൻ എഴുന്നേറ്റത്. പിവി എന്നത് താനല്ല എന്നാണ് പിണറായി പറയുന്നത്. ഹൈക്കോടതി പിണറായിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പിവി താനല്ലെന്ന് ഹൈക്കോടതിയിൽ പിണറായി വിജയൻ പറയട്ടെയെന്നും മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. പിവി എന്നത് പിണറായി അല്ലെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവെക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് സ്പീക്കർ ആവർത്തിച്ചു. എന്നാല്‍ പിന്മാറാന്‍ മാത്യു കുഴല്‍നാടന്‍ തയാറായില്ല. ഇതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

Comments (0)
Add Comment