മസാലബോണ്ടിന്‍റെ  ഭൂരിഭാഗവും വാങ്ങിയത് ലാവലിന്‍റെ ഉപകമ്പനി, നിഷേധിക്കാന്‍ ആർജ്ജവമുണ്ടോ ? ; ഐസക്കിനെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

 

തിരുവനന്തപുരം: മസാലബോണ്ടിന്‍റെ  ഭൂരിഭാഗവും വാങ്ങിയിരിക്കുന്നത് ലാവലിന്‍ കമ്പനിയുടെ സബ്‌സിഡറി ആയിട്ടുളള സിഡിപിക്യു എന്ന കനേഡിയന്‍ ഇന്‍വെസ്റ്റിങ് ഏജന്‍സിയാണെന്നു  കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ഇക്കാര്യം നിഷേധിക്കാനുള്ള ആർജ്ജവവും തന്‍റേടവും ധനമന്ത്രിക്കുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

മസാല ബോണ്ടിന് ആർ.ബി.ഐ അനുമതി നൽകിയെന്ന ധനമന്ത്രിയുടെ വാദം തെറ്റാണ്. അങ്ങനെയുണ്ടെങ്കിൽ രേഖ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു. ആരുടെ അഭ്യർത്ഥന പ്രകാരമാണ് ആദ്യത്തെ കിഫ്ബിയുടെ ഓഫർ ലെറ്ററിൽ മാറ്റം വരുത്തിയതെന്ന് മന്ത്രി  വ്യക്തമാക്കണം. കേവലം 16 പേരാണ് മസാല ബോണ്ടിൽ പങ്കെടുത്തത്. സി.ഡി.പി.ക്യൂവിന് നിക്ഷേപം നടത്താനാണ് ആദ്യ ഓഫർ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.

16 നിക്ഷേപകർ മാത്രമാണ് മസാല ബോണ്ടിൽ നിക്ഷേപിച്ചത്. സി.ഡി.പി.ക്യു ആണ് ഭൂരിപക്ഷം ബോണ്ടും വാങ്ങിയത്. 1.45 കോടി ഒരു വിദേശ നിയമ സ്ഥാപനത്തിന് നിയമോപദേശത്തിനായി നൽകി. ഇതിന് നേതൃത്വം നൽകിയത് മുതിർന്ന സി.പി.എം നേതാവിന്റെ സഹോദരപുത്രനാണെന്നും മറുപടി പറയാൻ ധനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തെ കേന്ദ്രസര്‍ക്കാരുമായുളള പ്രശ്‌നമാണെന്ന രീതിയില്‍ വഴി തിരിച്ചുവിട്ട് യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന്‌ ശ്രദ്ധമാറ്റി ഇത് ബിജെപിക്കും കേന്ദ്രത്തിനുമെതിരേ പോരാടുന്ന ഒരു സര്‍ക്കാരാണ് എന്ന് സ്ഥാപിക്കാനാണ് ഐസകിന്റെ ശ്രമം. കേന്ദ്രം ഞങ്ങളെ വേട്ടയാടുകയാണ് എന്ന പേരില്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുമോ എന്ന പരിശ്രമമാണ് ധനമന്ത്രിയില്‍ നിന്ന് ഉണ്ടായിട്ടുളളതെന്നും മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു.

2017-18 ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടത് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന നാലുവര്‍ഷങ്ങള്‍ കേരളത്തില്‍ നടപ്പാക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ 2021 ഫെബ്രുവരി മാസം ലഭിച്ച വിവരാവകാശ രേഖപ്രകാരം ഇതുവരെ കിഫ്ബി കണ്ടെത്തിയിട്ടുളള പണം എന്ന് പറയുന്നത് 15,902.29 കോടി രൂപയാണ്. ഇതില്‍ 11,000 കോടി രൂപയും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് നല്‍കിയതോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഖജനാവില്‍ വരുമായിരുന്നതോ ആണ്. അയ്യായിരം കോടി രൂപയില്‍ താഴെ മാത്രമാണ് കിഫ്ബിക്ക് ഇതുവരെ സമാഹരിക്കാന്‍ സാധിച്ചിട്ടുളളത്. 7274.61 കോടി രൂപമാത്രമാണ് കിഫ്ബി ഇതുവരെ ചെലവഴിച്ചിട്ടുളള പണം. കിഫ്ബി എന്ന് പറഞ്ഞ് ഇടത്സര്‍ക്കാര്‍ നടത്തുന്ന അവകാശവാദം തുറന്നുകാണിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Comments (0)
Add Comment