അന്ന് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രതിരോധം തീർത്തവർ മറുപടി പറയണം: എക്സാലോജിക്കിനെതിരായ അന്വേഷണത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവർത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നൽകിയ നോട്ടീസിന് കൃത്യമായ മറുപടി നൽകാത്തതുകൊണ്ടാണ് അന്വേഷണത്തിലേക്ക് നീങ്ങുന്നത്. മുമ്പ് ആരോപണം ഉയർന്നപ്പോള്‍ പ്രതിരോധം തീർത്ത സിപിഎം മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. സിഎംആർഎൽ, കെഎസ്ഐ‍ഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കും.

കമ്പനിയുടെ പ്രവർത്തനം ഇപ്പോഴും ഗുരുതരമായി തുടരുന്നതിനാലാണ് അന്വേഷണത്തിലേക്കു നീങ്ങിയത്. ഈ വിഷയത്തിൽ സിപിഎം മറുപടി പറയണം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ സിപിഎം സെക്രട്ടറിയറ്റാണ് പ്രതിരോധം തീർത്തത്. കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കത്തിൽ അമിതാവേശം ഇല്ല. ഈ അന്വേഷണത്തിൽ കൂടുതൽ വിവരം വരുമെന്നാണു പ്രതീക്ഷ. ആത്യന്തികമായി കോടതിയാണു വിശ്വാസം. തനിക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനം ചെയ്യുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഈ വിഷയത്തെ വർഗീയതയടക്കം പറഞ്ഞ് മുഖ്യമന്ത്രി പ്രതിരോധിക്കുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

ഇതുമായി ബന്ധപ്പട്ട് കെഎസ്‌ഐഡിസിക്കെതിരെയും അന്വേഷണം വരുന്നത് ഗുരുതരമാണ്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. കെഎസ്ഐഡിസിക്കെതിരായ അന്വേഷണത്തിൽ മന്ത്രി പി. രാജീവ് മറുപടി പറയണം. ക്രമക്കേടുകൾക്കു വ്യവസായ വകുപ്പ് കൂട്ടുനിന്നതായാണു സംശയിക്കേണ്ടത്. കരിമണൽ കമ്പനിക്കു ലാഭം ഉണ്ടാക്കി കൊടുക്കാൻ വ്യവസായ വകുപ്പ് കൂട്ടുനിന്നോ എന്നതിനു മന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മുഖ്യമന്ത്രിയുടെ മകള്‍ക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം. വീണയുടെ എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിലുള്ളത്. കര്‍ണ്ണാടക ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി.എസ്. വരുണ്‍, പോണ്ടിച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം.ശങ്കര നാരായണന്‍, എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.

Comments (0)
Add Comment