‘ധാര്‍മ്മികതയുടെ കാര്യത്തില്‍ പിണറായി വിജയന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍, അത് ഓർമ്മയിൽ ഇരിക്കട്ടെ’: മാത്യു കുഴല്‍നാടന്‍

Jaihind News Bureau
Wednesday, April 8, 2020

ധാര്‍മ്മികതയുടെ കാര്യത്തില്‍ പിണറായി വിജയന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുഴല്‍നാടന്‍. ഇന്ന് വരെ ഒരു ആരോപണം പോലും നേരിട്ടിട്ടില്ലാത്ത രാഷ്ട്രീയക്കാരനാണ് അദ്ദേഹം. ഈ നേതാവിനൊപ്പം ത്രാസിന്‍റെ മറു തട്ടിൽ വച്ച് തൂക്കാൻ  ധൈര്യമുള്ള, ഇന്ന് രാഷ്ട്രീയത്തിൽ ഉള്ള  നേതാവിന്‍റെ  പേര് പറയാന്‍ സിപിഎമ്മുകാര്‍ക്ക് കഴിയുമോയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

‘കേരളത്തിൽ എല്ലാ മുന്നണികളിലും പ്രത്യേക പ്രവിലേജ് ഉള്ള ചില പ്രവാസി വ്യവസായി പ്രമുഖരെ മാത്രം ക്ഷണിച്ച് ചർച്ച ചെയ്താ പോരാ എന്ന പരാമർശമാണല്ലോ അങ്ങയെ ചൊടിപ്പിച്ചത്. ശരിയാണ് ആ വ്യവസായ പ്രമുഖരെ ആരും ഒന്നും പറയില്ലാ. അവർ എല്ലാവർക്കും വേണ്ടപ്പെട്ടവരും, എല്ലാവരും ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നവരുമാണ്.

മൂലധനത്തെ എതിർക്കാനും സമ്പത്തിനെ വെറുക്കാനും ആഹ്വാനം ചെയ്യുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പേറുന്ന അങ്ങയുടെ പാർട്ടിക്കും അങ്ങേക്കും അവർ യജമാനന്മാരാണ്. ആ സാമ്പത്തീക ശക്തികൾക്ക് മുന്നിൽ അങ്ങയുടെ നാവും ഉയരില്ലാ.എന്നാൽ, ആ വ്യവസായ പ്രമുഖരുടെ മുഖത്ത് നോക്കി സംസാരിക്കാൻ, അവരുടെ താൽപര്യങ്ങൾക്കപ്പുറം രാഷ്ട്രീയം പറയണമെങ്കിൽ അതിന് അസാമാന്യമായ ധാർമ്മിക സ്ഥൈര്യം  ഉണ്ടാക്കണം. മൂലധനം പിടിമുറുക്കുന്ന ജനാധിപത്യത്തിൽ, അത് കൈ മുതലായുള്ള നേതാക്കൾ തുലോം തുച്ഛമാണ് Mr. പിണറായി വിജയൻ’-അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

മാത്യു കുഴല്‍നാടന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മുല്ലപ്പള്ളി രാമചന്ദ്രൻ, ഓരോ കോൺഗ്രസ്സുകാരനും തലയുയർത്തി നിന്ന് പറയാവുന്ന പേരാണ്. അത് അദ്ദേഹം കെ.പി.സി.സി യുടെ അദ്ധ്യക്ഷനായത് കൊണ്ട് മാത്രമല്ല. കോൺഗ്രസ്സ് പാർട്ടിക്കും പ്രവർത്തകർക്കും അഭിമാനമായതുകൊണ്ടാണ്.

അതി ദീർഘകാലം പാർലമെൻററി രംഗത്ത് പ്രവർത്തിച്ച നേതാവ്. സഖാവ് പിണറായി വിജയൻ കണ്ണൂരിന് പുറത്ത് അറിയപ്പെട്ടിട്ടില്ലാത്ത കാലത്ത് 1991 ൽ കേന്ദ്ര മന്ത്രിയായ നേതാവ്. എത്രയോ കാലം അധികാരത്തിൻ്റെ അകത്തളങ്ങളിലൂടെ നടന്ന നേതാവ്. രാജ്യത്തിൻ്റെ അഭ്യന്തര മന്ത്രി കസേരയിൽ ഇരുന്ന നേതാവ്. ഇന്ദിരാ ഗാന്ധിയോടും രാജീവ് ഗാന്ധിയോടും ഒപ്പം നടന്ന നേതാവ്.

ഉരുക്ക് കോട്ട എന്ന് നിങ്ങൾ അവകാശപ്പെടുന്ന കണ്ണൂരിലും വടകരയിലും കോൺഗ്രസിൻ്റെ ത്രിവർണ്ണ പതാക ഉയരത്തിൽ പാറിച്ച പോരാളി. നിങ്ങൾക്ക് അറിയാഞ്ഞിട്ടല്ല, മുല്ലപ്പള്ളിയുടെ പാരമ്പര്യം.

ഇതെല്ലാമാണെങ്കിലും, നാളിന്ന് വരെ ഒരാരോപണം പോലും നേരിട്ടിട്ടില്ലാത്ത രാഷ്ട്രീയക്കാരൻ. അതാണ് മുല്ലപ്പള്ളി ഗോപാലൻ എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ മകൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ഖദറിൻ്റെ വിശുദ്ധി. അത് നിങ്ങൾക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്.

ഞാൻ ഒരു കാര്യം പിണറായി വിജയനോടല്ല കമ്മ്യൂണിസ്റ്റ് കാരോട് ചോദിക്കുകയാണ്. ഈ നേതാവിനൊപ്പം ത്രാസിൻ്റെ മറു തട്ടിൽ വച്ച് തൂക്കാൻ നിങ്ങൾക്ക് ധൈര്യമുള്ള, ഇന്ന് രാഷ്ട്രീയത്തിൽ ഉള്ള ഒരു സി.പി.എം നേതാവിൻ്റെ പേര് പറയാമോ ?

പിന്നെ ഒരു കാര്യം കൂടി, കേരളത്തിൽ എല്ലാ മുന്നണികളിലും പ്രത്യേക പ്രവിലേജ് ഉള്ള ചില പ്രവാസി വ്യവസായി പ്രമുഖരെ മാത്രം ക്ഷണിച്ച് ചർച്ച ചെയ്താ പോരാ എന്ന പരാമർശമാണല്ലോ അങ്ങയെ ചൊടിപ്പിച്ചത്. ശരിയാണ് ആ വ്യവസായ പ്രമുഖരെ ആരും ഒന്നും പറയില്ലാ. അവർ എല്ലാവർക്കും വേണ്ടപ്പെട്ടവരും, എല്ലാവരും ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നവരുമാണ്.

മൂലധനത്തെ എതിർക്കാനും സമ്പത്തിനെ വെറുക്കാനും ആഹ്വാനം ചെയ്യുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പേറുന്ന അങ്ങയുടെ പാർട്ടിക്കും അങ്ങേക്കും അവർ യജമാനന്മാരാണ്. ആ സാമ്പത്തീക ശക്തികൾക്ക് മുന്നിൽ അങ്ങയുടെ നാവും ഉയരില്ലാ.

എന്നാൽ, ആ വ്യവസായ പ്രമുഖരുടെ മുഖത്ത് നോക്കി സംസാരിക്കാൻ, അവരുടെ താൽപര്യങ്ങൾക്കപ്പുറം രാഷ്ട്രീയം പറയണമെങ്കിൽ അതിന് അസാമാന്യമായ ധാർമ്മിക സ്ഥൈര്യം (moral courage) ഉണ്ടാക്കണം. മൂലധനം പിടിമുറുക്കുന്ന ജനാധിപത്യത്തിൽ, അത് കൈ മുതലായുള്ള നേതാക്കൾ തുലോം തുച്ഛമാണ് Mr. പിണറായി വിജയൻ.

മനസ്സിൽ കമ്മ്യൂണിസം മരിച്ചിട്ടില്ലാത്ത കമ്മ്യൂണിസ്റ്റ്കാരൻ അവൻ്റെ നേതാവിൽ കാണാൻ കൊതിക്കുന്ന തൻ്റേടമാണ് അത്. പക്ഷെ നിങ്ങളുടെ പക്ഷത്ത് നിക്കുന്ന നേതാക്കളിൽ ആരിലും ദർശിക്കാൻ കഴിയാത്ത ഒന്നാണ് ആ ധാർമ്മിക മേധാവിത്വം.

ആ കാര്യത്തിൽ പിണറായി വിജയന് എത്തിപ്പിടിക്കാവുന്നതിലും ഒരുപാട് ദൂരത്താണ് മുല്ലപ്പള്ളി രാമചന്ദ്രൻ. അത് ഓർമ്മയിൽ ഇരിക്കട്ടെ..