കനത്തമഴ : ഹിമാചലിലെ വിവിധയിടങ്ങളില്‍ ഇന്നും മണ്ണിടിച്ചില്‍ ; 200പേർ കുടുങ്ങി

Jaihind Webdesk
Friday, July 30, 2021

ഷിംല : കനത്തമഴയില്‍ ഹിമാചല്‍പ്രദേശിലെ വിവിധയിടങ്ങളില്‍ ഇന്നും മണ്ണിടിച്ചില്‍ ഉണ്ടായി. ലഹോല്‍–സ്പിതി, കങ്ക്ര ജില്ലകളില്‍ വിനോദസഞ്ചാരികളുള്‍പ്പടെ ഇരുന്നൂറിലധികം പേര്‍ കുടുങ്ങി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത 707ലെയും മണാലി–ചണ്ഡീഗഡ് ദേശീയപാതയിലെയും ഗതാഗതം മുടങ്ങി.

കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഇവരെ സുരക്ഷിത ഇടങ്ങളിലേക്കെത്തിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. സിര്‍മോര്‍ ജില്ലയിലെ ബര്‍വാസിനടത്തുണ്ടായ മണ്ണിടിച്ചലിനെതുടര്‍ന്ന് ദേശീയപാത 707ലെ ഗതാഗതം മുടങ്ങി. മാണ്ഡിയിലുണ്ടായ ഉരള്‍പൊട്ടലാണ് മണാലി–ചണ്ഡീഗഡ് ദേശീയപാതയിലെ ഗതാഗതം മുടക്കിയത്.

മാണ്ഡിയില്‍ പാര്‍ക്കിങ് ഷെഡിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് നിരവധി കാറുകള്‍ തകര്‍ന്നു. കഴിഞ്ഞദിവസം മണ്ണിടിച്ചിലുണ്ടായ ലേ–മണാലി ദേശീയ പാതയിലെ ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെ ഉദംപൂരിലുണ്ടായ മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നു.

ഡല്‍ഹിയുള്‍പ്പെടേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴി‍‍ഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്ന് 205.33 മീറ്റിറിലെത്തി. ഹരിയാനയിലെ ഹത്‌നികുണ്ട് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതും ജനനിരപ്പുയരാന്‍ കാരണമായി.