പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

 

പത്തനംതിട്ട: നഗരമധ്യത്തിലുണ്ടായ വൻ അഗ്നിബാധയില്‍ നാല് കടകൾ പൂർണമായും ഒരു ചിപ്സ് കട ഭാഗികമായും കത്തിനശിച്ചു. 6 പേർക്ക് പൊള്ളലേറ്റു. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പത്തനംതിട്ട ഗാന്ധി സ്ക്വയറിന് സമീപം ചിപ്സ് നിർമ്മിക്കുന്ന സ്ഥാപനത്തിൽ അഗ്നിബാധ ഉണ്ടായി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പടർന്നത്. ചിപ്സ് നിർമ്മാണത്തിനിടെ എണ്ണയ്ക്ക് തീ പിടിച്ച് പടരുകയായിരുന്നു.

പത്തനംതിട്ട ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നതിനിടെ കടയ്ക്കുള്ളിൽ സൂക്ഷിച്ച ഒരു ഗ്യാസ് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന രണ്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് നിസാര പൊള്ളലേറ്റു. ആദ്യ സ്ഫോടനത്തിന് പിന്നാലെ നാല് സിലിണ്ടറുകൾ കൂടി വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരുകയായിരുന്നു. ന്യൂ വൺ, ഏ വൺ എന്നീ ചിപ്സ് നിർമ്മാണ സ്ഥാപനങ്ങളും അർച്ചനാ ഷൂ മാർട്ട്, സെൽടെക്ക് മൊബൈൽ സെന്‍റർ എന്നീ സ്ഥാപനങ്ങൾ പൂർണ്ണമായും ഹാഷിമ ചിപ്സ് സെന്‍റർ ഭാഗികമായും കത്തിനശിച്ചു. ഫയർ ഫോഴ്സ് അധികൃതരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വൻ അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ രക്ഷാപ്രവർത്തനത്തിന് നേരിട്ടെത്തി നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥലം സന്ദർശിച്ചു. പൊള്ളലേറ്റ 6 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പൊള്ളലേറ്റ ആളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Comments (0)
Add Comment