സംസ്ഥാനത്ത് വീണ്ടും മാസ് കൊവിഡ് ടെസ്റ്റ് ; 3 ലക്ഷം പേർക്ക് പരിശോധന നടത്തും

 

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധന വർധിപ്പിക്കാന്‍ തീരുമാനം. മാസ് കൊവിഡ് ടെസ്റ്റിലൂടെ രോഗബാധിതരെ കണ്ടെത്താനും ചികിത്സ നല്‍കാനുമായി വീണ്ടും മാസ് കൊവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. നാളെയും മറ്റന്നാളുമായി (ഏപ്രില്‍ 21, 22)  3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്.

കൊവിഡിന്‍റെ തീവ്രവ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഇന്നുമുതല്‍ രാത്രി കർഫ്യൂ നിലവിൽ വരും. രാത്രി 9 മണി മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. രണ്ടാഴ്ചത്തേക്കാണ് നിലവില്‍ നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസമുണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കും. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കും.

വോട്ടെണ്ണൽ ദിവസമായ മെയ് 2 ന് ആഘോഷങ്ങളും ആൾക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിർദ്ദേശിച്ചു. സിനിമാ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി ഏഴര വരെയാക്കി പരിമിതപ്പെടുത്തി. നാളെയും മറ്റനാളും 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വർക്ക് ഫ്രം ഫോം നടപ്പാക്കണമെന്ന നിർദ്ദേശത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ തീരുമാനം ഇന്നുണ്ടായേക്കും.

മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും രാത്രി 9 ന് ശേഷം പാഴ്സൽ വിതരണം പാടില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നും നിർദ്ദേശമുണ്ട്. ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലൂടെ ആരാധനകൾ ബുക്ക് ചെയ്യണം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.

Comments (0)
Add Comment