അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിലൂടെ കേന്ദ്രം നടപ്പാക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ജനത ഒറ്റക്കെട്ടായി സമരമുഖത്ത്. ദ്വീപുവാസികൾ ഒറ്റക്കെട്ടായി 12 മണിക്കൂര്‍ ഉപവാസ സമരത്തിന് തുടക്കം കുറിച്ചു. ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി യുഡിഎഫ് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.
ലക്ഷദ്വീപ് നിവാസികള്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാതെ സ്വന്തം വീടുകളിൽ രാവിലെ 6 ന് ആരംഭിച്ച നിരാഹാരം വൈകിട്ട് 6 ന് അവസാനിക്കും. വീടുകളിൽ കറുത്ത കൊടിയും പോസ്റ്ററുകളും സ്ഥാപിച്ചാണ് നിരാഹാരം. സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ച ശേഷമുള്ള ആദ്യ ബഹുജന പ്രക്ഷോഭത്തിനാണ് ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുന്നത്. മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി സമരം നടത്തുന്നത് ദ്വീപിൽ ആദ്യമാണ്.
മുഴുവൻ ദ്വീപുകളിലും കടകൾ അടച്ചിടുന്നതും പ്രതിഷേധദിനം ആചരിക്കുന്നതും ഇതാദ്യമാണ്. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകളെല്ലാം അടച്ചിടും. തൊഴിലിടങ്ങളിലും സമ്പൂർണ പണിമുടക്കായിരിക്കും. അതേസമയം ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉച്ചയ്ക്ക് 12 മണിക്ക് യുഡിഎഫി എം.പിമാരുടെ നേതൃത്വത്തില്‍ സമരം നടത്തും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫീസിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ പ്രമുഖ യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും.