മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം; അടിയന്തരപ്രമേയമായി സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

 

തിരുവനന്തപുരം: എക്‌സാലോജിക് മാസപ്പടി വിവാദം ഇന്ന് അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. മുഖ്യമന്ത്രിയുടെ മകൾ ടി. വീണക്കെതിരായ കേന്ദ്ര അന്വേഷണത്തിനൊപ്പം പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയും ഉൾപ്പെട്ടതോടെ മുഖ്യമന്ത്രിയും സർക്കാരും വ്യക്തമായ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാകും പ്രതിപക്ഷം വിഷയം സഭയിൽ അവതരിപ്പിക്കുക.

മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. നേരത്തെ പലകുറി പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അടിയന്തരപ്രമേയമായി സഭയിൽ ഉന്നയിച്ചിരുന്നില്ല. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് അന്വേഷണം കൈമാറിയതോടെയാണ് പ്രതിപക്ഷം വിഷയം സഭയിൽ ഉയർത്തുക. നോട്ടീസ് വേളയിൽ തന്നെ അടിയന്തരപ്രമേയം നിരാകരിക്കുന്നതിനുള്ള നീക്കം ഭരണപക്ഷം നടത്തിയേക്കാനാണ് സാധ്യത. വിഷയത്തില്‍ സഭ ഇന്ന് കലുഷിതമാകും.

Comments (0)
Add Comment