ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്പിൽ മേരികോമിന് വെങ്കലം

Jaihind News Bureau
Saturday, October 12, 2019

Mary-Com-1

ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യന്‍ താരം എം.സി. മേരികോമിന് വെങ്കലം. സെമിയിൽ രണ്ടാം സീഡായ തുർക്കി താരത്തോട് തോറ്റു. ലോകചാമ്പ്യൻഷിപ്പിൽ 8 മെഡൽ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും മേരികോം സ്വന്തമാക്കി.

51 കിലോ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസെനാസ് കാകി റോഗ്‌ലുവിനോടാണ് മേരികോം പരാജയപ്പെട്ടത്. സെമിഫൈനലിൽ ഏഴാം സ്വർണം ലക്ഷ്യമിട്ടിറങ്ങിയ മേരി സെമിയില്‍ പരാജയപ്പെട്ടെങ്കിലും ചരിത്രനേട്ടവുമായാണ് മടങ്ങുന്നത്. ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവോന്‍റെ റെക്കോർഡാണ് മേരി മറികടന്നത്. 6 സ്വർണവും, ഒരു വെള്ളിയുമായിരുന്നു നിലവിലെ റെക്കോഡ്. ഇന്നത്തെ വെങ്കലത്തോടെ മേരിയുടെ മെഡല്‍ നേട്ടം ആറ് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ആയി. പങ്കെടുത്ത ഏഴു ലോക ചാമ്പ്യൻഷിപ്പുകളിലും ഓരോ മെഡൽ നേടിയ മറ്റൊരു താരവും ഇല്ല.

അതേസമയം, റെഫറിയുടെ തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്.