‘ഒരാളും കെ.വി തോമസിന്‍റെ വഴിമുടക്കില്ല, 51 വെട്ടിന്‍റെ പാരമ്പര്യമല്ല കോണ്‍ഗ്രസിന്’; ജയരാജന് മറുപടി

 

കണ്ണൂർ :പാര്‍ട്ടി അനഭിമത പ്രവര്‍ത്തനം നടത്തുന്നവരെ 51 വെട്ട് വെട്ടി കൊല്ലുന്ന പാരമ്പര്യമല്ല കോണ്‍ഗ്രസിനെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോർജ്. കെ.വി തോമസിനെ കണ്ണൂരില്‍ തടഞ്ഞുനോക്കൂ എന്ന് വെല്ലുവിളിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ മനസിലിരുപ്പ് എന്തെന്ന് അറിയാം. കെ.വി തോമസിനെ ഇരയാക്കി പ്രകോപനം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന സിപിഎം തന്ത്രം വിലപ്പോവില്ല. ചർച്ച ചെയ്യേണ്ട യഥാർത്ഥ വിഷയങ്ങളിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിച്ചുവിടാനാണ് കെ.വി തോമസിനെ ക്ഷണിച്ച് സിപിഎം സൃഷ്ടിച്ച വിവാദം. രാഷ്ട്രീയനിലപാടും വ്യക്തിത്വവുമൊക്കെ പണയം വെച്ച കെ.വി.തോമസിന് സിപിഎമ്മിന്‍റെ ആതിഥ്യം ആവോളം ആസ്വദിച്ച് മടങ്ങാമെന്നും ഒരു കോൺഗ്രസുകാരനും കെ.വി തോമസിന്‍റെ വഴി മുടക്കില്ലെന്നും മാർട്ടിന്‍ ജോർജ് വ്യക്തമാക്കി. കോൺഗ്രസുകാർ തടയണമെന്ന് തീരുമാനിച്ചാൽ പിണറായി വിജയനെയും തടയുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മാർട്ടിന്‍ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കെ.വി.തോമസിനെ കണ്ണൂരിൽ തടഞ്ഞു നോക്കൂ എന്നാണ് എം.വി.ജയരാജൻ്റെ വെല്ലുവിളി. കെ.വി.തോമസിനെ ഞങ്ങൾ തടഞ്ഞ് അവിടെയൊരു സംഘർഷമുണ്ടാക്കുക, കൊള്ളാം…. കാഞ്ഞ ബുദ്ധി തന്നെ.
ഒരു കാര്യം ജയരാജനോടും സി പി എം നേതാക്കളോടും പറയാം…….പാർട്ടി അനഭിമത പ്രവർത്തനം നടത്തുന്നവരെ 51 വെട്ട് വെട്ടി കൊലപ്പെടുത്തുന്ന പാരമ്പര്യമല്ല ഞങ്ങളുടേത്. കെ.വി.തോമസിനെ കണ്ണൂരിൽ തടഞ്ഞു നോക്കൂ എന്ന് കോൺഗ്രസുകാരെ വെല്ലുവിളിക്കുന്ന എം.വി.ജയരാജൻ്റെ മനസിലിരിപ്പ് എന്താണെന്ന് ഞങ്ങൾക്കറിയാം. പ്രകോപനം സൃഷ്ടിച്ച് കെ.വി.തോമസിനെ ഇരയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നാണ് ജയരാജനും സി പി എമ്മും കരുതുന്നത്. ആ കെണിയിൽ വീഴാൻ കോൺഗ്രസുകാരെ കിട്ടില്ല.
കെ.വി.തോമസ് പാർട്ടി അച്ചടക്കം ലംഘിച്ചാൽ അത് പാർട്ടി പരിശോധിക്കും. അല്ലാതെ ഒരാളുടെ വഴി തടഞ്ഞും കൊലവിളി മുഴക്കിയും കോൺഗ്രസുകാർ പ്രതികരിക്കില്ല. പൊതുജനമധ്യത്തിൽ കെ.വി.തോമസിനെ പരിഹാസ്യനാക്കാനാണ് ജയരാജനും കൂട്ടരും ശ്രമിക്കുന്നത്. അവരുടെ മനസ്സിലിരുപ്പറിയാതെ വിഡ്ഢി വേഷം കെട്ടേണ്ടി വരുന്ന കെ.വി.തോമസിനോട് സഹതാപം മാത്രമേ ഉള്ളൂ.
സി പി എം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യേണ്ട യഥാർത്ഥ വിഷയങ്ങളിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിച്ചുവിടാനാണ് കെ.വി.തോമസിനെ ക്ഷണിച്ച് സിപിഎം സൃഷ്ടിച്ച വിവാദം. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി പി എമ്മിനകത്തുള്ള ആശയ സംഘർഷവും കോടികൾ ധൂർത്തടിച്ച് പാർട്ടി കോൺഗ്രസ് സംഘടിപ്പിക്കുന്നതിൽ പാർട്ടി അണികൾക്കിടയിലുള്ള എതിർപ്പുമൊക്കെ മറച്ചു വെക്കാനാണ് സി പി എം നേതൃത്വം ശ്രമിക്കുന്നത്. ഒരു കെ.വി.തോമസല്ല ഈ നാട്ടിലെ നീറുന്ന വിഷയമെന്ന ബോധ്യമാണ് ആദ്യമുണ്ടാകേണ്ടത്.
കോൺഗ്രസുകാർ തടയണമെന്ന് തിരുമാനിച്ചാൽ പിണറായി വിജയനെയും തടയും. അത് ജനാധിപത്യപരമായ പ്രക്ഷോഭത്തിൻ്റെ ഭാഗം. ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യുമ്പോൾ വഴി തടയും, കരിങ്കൊടി പ്രതിഷേധം നടത്തും. അല്ലാതെ വഴിയേ പോകുന്നവൻ്റെ മേക്കിട്ടു കേറുന്ന ശീലം കോൺഗ്രസിനില്ല. ജയരാജന് അതു മനസിലാകില്ലെങ്കിലും കെ.വി.തോമസിന് ആ ബോധ്യമുണ്ടാകും. ആ ബോധ്യത്തോടെ ആയിരിക്കുമല്ലോ ജയരാജൻ അണിയിച്ച ചുവന്ന ഷാളും പുതച്ച് കെ.വി. തോമസ് കണ്ണൂരിലേക്ക് വന്നിരിക്കുന്നത്. രാഷ്ട്രീയനിലപാടും വ്യക്തിത്വവുമൊക്കെ പണയം വെച്ച് സി പി എം നേതാക്കളുടെ ചങ്ങാത്തം മോഹിച്ചെത്തിയ കെ.വി.തോമസിന് അവരുടെ ആതിഥ്യം ആവോളം ആസ്വദിച്ച് മടങ്ങാം. ഒരു കോൺഗ്രസുകാരനും നിങ്ങളുടെ വഴി മുടക്കില്ല.

Comments (0)
Add Comment