സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ ബന്ധം: പൊതുജനങ്ങളെ സിപിഎം വിഡ്ഡികളാക്കുന്നു; ‘പാർട്ടി അന്വേഷണം’ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് അഡ്വ. മാർട്ടിൻ ജോർജ്

 

കണ്ണൂർ: ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ മൈക്ക് കെട്ടി പ്രസംഗിക്കുകയും അതേസമയം അവരുമായി ബന്ധം നിലനിർത്തുകയും ചെയ്യുന്ന സിപിഎം – ഡിവൈഎഫ്ഐ നേതാക്കളുടെ കാപട്യം പൊതുസമൂഹം തിരിച്ചറിഞ്ഞതായി ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ്. തില്ലങ്കേരിയിൽ സിപി എമ്മിന്‍റെ ക്വട്ടേഷൻ സംഘത്തലവൻ ആകാശ് തില്ലങ്കേരിക്കെതിരെ ഉറഞ്ഞു തുള്ളി പ്രസംഗിച്ച ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജറിന് ആകാശുമായി സ്വർണ്ണക്കടത്ത് ഇടപാടുണ്ടെന്നതിന്‍റെ തെളിവുകൾ സഹിതം മറ്റൊരു ഡിവൈഎഫ്ഐ നേതാവ് പരാതി നൽകിയിരിക്കുകയാണ്. ഇവർ രണ്ട് പേരും സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളാണ്. സ്വർണ്ണക്കടത്തിന്‍റെ വിഹിതം കൈപ്പറ്റുന്നതായാണ് പരാതി. ഇത്തരം പരാതികൾ പാർട്ടിയല്ല പോലീസും മറ്റ് അന്വേഷണ ഏജൻസികളുമാണ് അന്വേഷിക്കേണ്ടത്. വലിയ വായിൽ ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാക്കില്ലെന്ന് പ്രസംഗിക്കുന്ന എം.വി ജയരാജനും കൂട്ടരും പൊതുജനങ്ങളെ വിഡ്ഡികളാക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്ന് മാർട്ടിന്‍ ജോർജ് ചൂണ്ടിക്കാട്ടി.

സിപിഎമ്മുകാരായി തന്നെയാണ് ആകാശ് തില്ലങ്കേരിയും സംഘവും പ്രവർത്തിക്കുന്നത്. ആകാശിന്‍റെ പിതാവ് പാർട്ടി മെമ്പറാണ്. ആകാശ് കോടതിയിൽ ഹാജരാകാനെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന ഇദ്ദേഹം തൊട്ടടുത്ത ദിവസം സിപിഎം പൊതുയോഗത്തിലും പങ്കെടുത്തു. പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമായി സിപിഎം എത്ര കാലമാണ് ജനങ്ങളെ കബളിപ്പിക്കുകയെന്ന് മാർട്ടിന്‍ ജോർജ് ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സംരക്ഷിച്ചിട്ടില്ല എന്നാണ്. ജയിലിലായ പ്രതികളുടെ ഭാര്യമാർക്ക് ജോലി വാങ്ങിച്ചു കൊടുക്കുകയും കേസ് നടത്തിപ്പിന് പണം സമാഹരിക്കുകയും ചെയ്തിട്ടാണ് എം.വി ഗോവിന്ദന്‍റെ പ്രസംഗമെന്ന് മാർട്ടിന്‍ ജോർജ് ചൂണ്ടിക്കാട്ടി.

സിപിഎം – ഡിവൈഎഫ്ഐ നേതാക്കളുടെ ക്വട്ടേഷൻ-മാഫിയാ പ്രവർത്തനങ്ങൾ പാർട്ടിയല്ല, പോലീസും മറ്റ് ഏജൻസികളുമാണ് അന്വേഷിക്കേണ്ടത്. ക്വട്ടേഷൻ-മാഫിയാ പ്രവർത്തനങ്ങൾക്ക് യുവജന സംഘടനയുടെ ഉത്തരവാദപ്പെട്ട നേതാവ് ഒത്താശ ചെയ്തു കൊടുക്കുകയും ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതി പൂഴ്ത്തിവെക്കുകയും ചെയ്ത എം.വി ജയരാജൻ ന്യായീകരിക്കുന്നുണ്ടെങ്കിൽ അതിന്‍റെ  വിഹിതം സി പി എമ്മിലെ പല നേതാക്കളും കൈപ്പറ്റി എന്ന കാര്യമാണ് വ്യക്തമാക്കുന്നത്. സിപിഎം നേതാക്കന്മാർക്ക് ബന്ധമുള്ള പീഡനക്കേസും ലഹരി-മാഫിയക്കേസും സ്വർണ്ണക്കടത്ത് കേസും സ്വന്തം പാർട്ടി ഏജൻസി അന്വേഷിച്ചാൽ മതിയെന്ന തീരുമാനം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.

Comments (0)
Add Comment