കര്‍ഷകര്‍ക്ക് കൊലക്കയറിടുന്ന നവകേരളം; ആല്‍ബര്‍ട്ടിന്റെ ആത്മഹത്യക്ക് പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്‌

കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമാകുന്ന ഭയാനകമായ സാഹചര്യമാണ് കേരളത്തിലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം നിരവധി കര്‍ഷകരാണ് സാമ്പത്തിക പ്രതിസന്ധിയില്‍ ജീവനൊടുക്കേണ്ടി വന്നത്. പൊതുപ്രവര്‍ത്തകനും നല്ലൊരു ക്ഷീര കര്‍ഷകനുമായിരുന്ന കൊളക്കാട്ടെ ആല്‍ബര്‍ട്ടിന്റെ ആത്മഹത്യക്ക് പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ കര്‍ഷകര്‍ക്ക് താങ്ങാകേണ്ട ഭരണകൂടം കണ്ണില്‍ ചോരയില്ലാത്ത നടപടികളുമായി അവര്‍ക്കു മേല്‍ കൊലക്കയര്‍ മുറുക്കുകയാണ്. നവകേരളമെന്നു പറഞ്ഞ് ആഘോഷിച്ചതു കൊണ്ടായില്ല, കര്‍ഷകരുടെ കണ്ണീരു കാണാനുള്ള മനസ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുണ്ടാകണം.
സര്‍ക്കാരിന്റെ സ്വന്തം ബാങ്കായ കേരള ബാങ്കില്‍ നിന്നാണ് ക്ഷീരകര്‍ഷകനായ ആല്‍ബര്‍ട്ടിന് നോട്ടീസ് ലഭിച്ചത്. ഒന്നിലധികം പേരെടുത്ത വായ്പയുടെ തിരിച്ചടവിലെ സങ്കീര്‍ണതകള്‍ അറിയാമായിരുന്നിട്ടും ഈ ക്ഷീരകര്‍ഷകനോട് ഒരു ദാക്ഷിണ്യവും കേരള ബാങ്കധികാരികളുടെ ഭാഗത്തു നിന്നുണ്ടായില്ല. രണ്ടു പതിറ്റാണ്ടോളം ഒരു ക്ഷീര സംഘത്തെ മാതൃകാപരമായി നയിച്ചയാളാണ് മരിച്ച ആല്‍ബര്‍ട്ട്. കാര്‍ഷികമേഖലയില്‍ അനുഭവസമ്പത്തുള്ള ആല്‍ബര്‍ട്ടിനെ പോലുള്ളവര്‍ക്കു പോലും പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ സാധാരണക്കാരായ കര്‍ഷകരുടെ അവസ്ഥ ഊഹിക്കാമല്ലോ. കാര്‍ഷികമേഖലയെ പുഷ്ടിപ്പെടുത്തും, സ്വയംപര്യാപ്തമാക്കുമെന്നൊക്കെ നവകേരള സദസില്‍ വീമ്പിളക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിസന്ധിയുടെ നടുക്കയത്തില്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കുന്ന കര്‍ഷക കുടുംബങ്ങളുടെ കണ്ണീരു കാണണം. ആരെ വിശ്വാസിച്ചാണ് പുതുതലമുറ കാര്‍ഷികമേഖലയിലേക്ക് ഇറങ്ങി വരേണ്ടത്. സമൂഹത്തിലെ ധനാഢ്യര്‍ക്കൊപ്പം പ്രഭാതഭക്ഷണമുണ്ട് നവകേരളത്തെ കുറിച്ച് വാചാലനാവുന്ന മുഖ്യമന്ത്രി കര്‍ഷക ആത്മഹത്യകളെ കണ്ടില്ലെന്നു നടിക്കുന്നു.
മരിച്ച ആല്‍ബര്‍ട്ടിൻ്റെ വീട്ടില്‍ ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് സന്ദര്‍ശിച്ച് ബന്ധുക്കളെ അനുശോചനമറിയിച്ചു. ആല്‍ബര്‍ട്ടിൻ്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആല്‍ബര്‍ട്ടിനെ പേരിലുള്ളവരുടെ ബാധ്യതകള്‍ എഴുതിത്തള്ളണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. നേതാക്കളായ എൻ സുബ്രമണ്യൻ , കെ ജയന്ത് , അഡ്വ . പി എം നിയാസ് , ചന്ദ്രൻ തില്ലങ്കേരി , ബൈജു വർഗ്ഗീസ് ,ജൂബിലി ചാക്കോ ,ചാക്കോ തൈക്കുന്നേൽ തുടങ്ങിയവർ ഡിസിസി പ്രസിഡണ്ടിനോടൊപ്പം സന്ദർശിച്ചു .

 

 

 

 

 

 

 

 

 

Comments (0)
Add Comment