പരാജയ ഭീതിയില്‍ സിപിഎം കലാപത്തിന് തയ്യാറെടുക്കുന്നു; പാനൂരിലെ ബോംബ് സ്ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

 

കണ്ണൂര്‍:  ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട് വ്യാപകമായ അക്രമങ്ങള്‍ക്ക് സിപിഎം കോപ്പുകൂട്ടുന്നു എന്നതിന്‍റെ തെളിവാണ് പാനൂരില്‍ സിപിഎം കേന്ദ്രത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഒരു സിപിഎം പ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയ സ്ഫോടനമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. സിപിഎമ്മിന്‍റെ സങ്കേതങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെ ബോംബ് നിര്‍മ്മാണവും, ആയുധ സംഭരണവും തകൃതിയായി നടക്കുകയാണ്. പോലീസിന്‍റെ ഭാഗത്തുനിന്നും റെയ്ഡുകളോ, മറ്റ് അന്വേഷണങ്ങളോ ഒന്നും നടക്കുന്നില്ല. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കുകയാണ് പോലീസ് ചെയ്യുന്നത്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മറ്റൊരു സിപിഎം പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ ആളുകള്‍ ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഇവിടെനിന്ന് പരിക്കേറ്റവരേയും ബോംബ് നിര്‍മ്മാണ സാമഗ്രികളും പെട്ടെന്ന് മറ്റെങ്ങോ മാറ്റിയിട്ടുണ്ടെന്നുമാണ് പ്രദേശത്ത് ചെന്നപ്പോള്‍ ലഭിച്ച വിവരം. വടകര പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയടക്കം സിപിഎമ്മിന്‍റെ പ്രമുഖ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി സിപിഎമ്മിന് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ജില്ലയില്‍ വ്യാപകമായ അക്രമങ്ങള്‍ക്ക് കളമൊരുക്കാന്‍ ബോംബ് നിര്‍മ്മാണമടക്കം ആരംഭിച്ചിട്ടുള്ളത് കഴിഞ്ഞ ഏതാനും നാളുകളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ സംഘര്‍ഷത്തിനുള്ള കുത്സിത നീക്കത്തെ പൊതുസമൂഹം ജാഗ്രതയോടെ കാണണം. പാനൂരിലെ സിപിഎം ശക്തികേന്ദ്രത്തില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

അക്രമത്തിന്‍റെ പാതയില്‍ നിന്ന് ഒട്ടും പുറകോട്ടില്ലെന്ന് ഭരിക്കുന്ന പാര്‍ട്ടി തന്നെ നിലപാടെടുക്കുമ്പോള്‍ അരക്ഷിതാവസ്ഥയാണ് ജനങ്ങളില്‍ ഉണ്ടാവുക. കൊലയാളികളെയും ക്രിമിനലുകളെയും ന്യായീകരിക്കുന്ന സിപിഎം നേതൃത്വം പാനൂര്‍ സംഭവത്തില്‍ നിലപാട് വ്യക്തമാക്കണം. സമാധാനപരമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അന്തരീക്ഷം ജില്ലാ ഭരണകൂടം ഉറപ്പു വരുത്തണം. ഇക്കാര്യത്തില്‍ ജാഗ്രതയോടെയുള്ള സമീപനം അധികാരികളില്‍ നിന്ന് ഉണ്ടാകണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു . സംഭവസ്ഥലം ഡിസിസി പ്രസിഡന്‍റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, നേതാക്കളായ കെ.പി സാജു,  വി. സുരേന്ദ്രൻ , പി പി എ സലാം, കെ പി രാമചന്ദ്രൻ, ടി സി കുഞ്ഞിരാമൻ, സി പുരുഷു, കെ അശോകൻ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Comments (0)
Add Comment