പോലീസിന്‍റെ പണിയുമായി സിപിഎം ഗുണ്ടകള്‍ വന്നാല്‍ തിരിച്ചടിക്കും: അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Jaihind Webdesk
Monday, April 25, 2022

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ ഉയരുന്ന പ്രതിഷേധത്തെയും പ്രതിരോധത്തേയും സിപിഎം അങ്ങേയറ്റം തരംതാണ രീതിയില്‍ നേരിടുന്നതിന്‍റെ  ഉദാഹരണമാണ് തിങ്കളാഴ്ച നടാലിലുണ്ടായ സംഭവമെന്ന് ഡിസിസി പ്രസിഡന്‍റ്  അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. പ്രാദേശിക നേതാക്കളെ കളത്തിലിറക്കി സ്ഥലമുടമകളെ ഭീഷണിപ്പെടുത്തിയും പ്രതിഷേധത്തിനിറങ്ങുന്നവരെ ഗുണ്ടകളെ ഉപയോഗിച്ചു നേരിട്ടും ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നടാലില്‍ ഗുണ്ടാ ആക്രമണം നടന്നത്. കെ റെയില്‍ സര്‍വേകല്ല് സ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പറയാന്‍ സ്ഥലമുടമകളോട് ഭീഷണി സ്വരത്തില്‍ സിപിഎം നേതാക്കള്‍ ആവശ്യപ്പെടുകയാണ്. പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. പോലീസ് നോക്കി നില്‍ക്കേയാണ് അക്രമമുണ്ടായത്. സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് തടയുന്നത് സ്വാഭാവികമാണ്. എന്നാല്‍ പോലീസിന്‍റെ  പണിയുമായി സിപിഎം ഗുണ്ടകള്‍ വന്നാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കുകയാണെന്നും അദ്ദേഹം വ്യകതമാക്കി.

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറിടിച്ച് വീടുകള്‍ നിരത്തുന്ന ഭരണകൂടത്തിന്‍റെ നടപടിക്കെതിരേ സിപിഎം നേതാവ് വൃന്ദാ കാരാട്ട് പ്രതികരിച്ചതിനെ ആഘോഷമാക്കുന്ന സിപിഎമ്മുകാര്‍ ഇവിടെ കെ റെയിലിന്‍റെ പേരില്‍ അതേ ഗുണ്ടായിസമല്ലേ നടത്തുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ചോദിച്ചു. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ പ്രതിഷേധസ്വരം പോലും ഉയര്‍ത്താന്‍ പാടില്ലെന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് ചൈനയോ ഉത്തരകൊറിയയോ അല്ലെന്ന് പിണറായി വിജയന്‍റെ ഏഴാംകൂലികള്‍ മനസിലാക്കണം. കെ റെയില്‍ വിരുദ്ധ പോരാട്ടത്തെ തെരുവില്‍ നേരിടാനാണ് സിപിഎം നീക്കമെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ ജനാധിപത്യ കേരളം ഒറ്റക്കെട്ടായുണ്ടാകുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.