ശബരിമല: വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ല: മാര്‍ക്കണ്ഡേയ കട്ജു

Jaihind Webdesk
Saturday, February 16, 2019

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ശബരിമലയിലേത് വിശ്വാസത്തിന്റെ വിഷയമാണ്. അതിനെ ചോദ്യം ചെയ്യാനാവില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് ഇക്കാര്യത്തില്‍ ശരിയെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. മിക്കവാറും പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അത് പോലെ തന്നെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള വിഷയമാണ് ശബരിമലയിലേതും. അതിനെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.

മതപരമായ കാര്യങ്ങളില്‍ നീതിക്ക് യുക്തമായി തീരുമാനങ്ങളെടുക്കാനാവില്ലെന്നും ആഴത്തില്‍ വേരുറപ്പിച്ച മത വിശ്വാസങ്ങളെ രാജ്യത്തിന്റെ മത നിരപേക്ഷതയ്ക്കനുസരിച്ച് മാറ്റി എഴുതാനാവില്ലെന്നുമായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്. വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ യുവതീ പ്രവേശനത്തെ എതിര്‍ത്ത ഏക ജഡ്ജി ഇന്ദു മല്‍ഹോത്രയായിരുന്നു,

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു നേരെത്തെയും വിമര്‍ശനമുന്നയിച്ചിരുന്നു. മറ്റ് മതങ്ങളിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് കൂടി ശബരിമലക്കേസിലെ വിധി വഴിയൊരുക്കുമെന്ന് കട്ജു മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. ആചാരങ്ങളുടെ യുക്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കട്ജു അന്ന് പറഞ്ഞിരുന്നു.