‘എന്‍റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, കേന്ദ്ര സർക്കാരിന് കർഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും’ : രാഹുല്‍ ഗാന്ധി

 

ചെന്നൈ : കാര്‍ഷക വിരുദ്ധ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെത്തി ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘എന്‍റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും’ – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍റെ വീഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചു.

കര്‍ഷകരുടെ പോരാട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, അവരെ പൂർണമായും പിന്തുണയ്ക്കുന്നു, പിന്തുണയ്ക്കുന്നത് തുടരും. കർഷകരുടെ പ്രശ്നങ്ങള്‍ ഞാന്‍ ഉയർത്തിക്കാട്ടിയിരുന്നു. അത് ഇനിയും തുടരും. മാത്രമല്ല, എന്‍റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കേന്ദ്രസര്‍ക്കാർ ഈ നിയമങ്ങള്‍ എടുത്ത് മാറ്റാന്‍ നിര്‍ബന്ധിതരാകും’ – രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്‍റെ സംസ്കാരം തകർക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിവിധങ്ങളായ സംസ്കാരമാണ് ഈ രാജ്യത്തിന്‍റെ സമ്പത്ത്. കർഷകരുടെ മണ്ണ്, സ്വത്ത് എല്ലാം കോർപ്പറേറ്റുകൾക്ക് എഴുതി നൽകാൻ നീക്കം നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തമിഴകത്തിന്‍റെ പാരമ്പര്യവും രുചിയും അടുത്തറിഞ്ഞ രാഹുല്‍ ഗാന്ധി ജെല്ലിക്കെട്ടും തമിഴ് ഭാഷയും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. മധുരയിൽ ജെല്ലിക്കെട്ടിലും പൊങ്കൽ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു. സംഘടനാകാര്യ ചുമതയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.

Comments (0)
Add Comment