ജപ്തിഭയന്ന് ആത്മഹത്യ: മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു

Jaihind Webdesk
Tuesday, May 14, 2019

തിരുവനന്തപുരം: വീട് ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നടപടിയില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശി ലേഖ (40) മരിച്ചു. ലേഖയുടെ മകള്‍ വൈഷ്ണവി (19) രാവിലെ മരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ലേഖ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയത്. ലേഖയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുന്‍പ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതല്‍ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കും. കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ബാങ്കിന്റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നും പൊലീസ് മൊഴി എടുത്തു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഒരു തരത്തിലും ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. ഭവന വായ്പയാണ് കുടുംബം എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കോടതിയില്‍ കേസ് കൊടുത്തിരുന്നു. വായ്പ തിരിച്ചടവിന് കുടുംബം കൂടുതല്‍ സമയം ചോദിച്ചിരുന്നു. അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.