മരടിലെ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടി മന്ദഗതിയിൽ; ഒഴിയുന്നത് വാടകക്കാര്‍ മാത്രം

Jaihind News Bureau
Tuesday, October 1, 2019

Marad-Flats

സുപ്രീം കോടതി പൊളിച്ച് മാറ്റാൻ നിർദേശം നൽകിയ മരടിലെ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടി മന്ദഗതിയിൽ. വാടകക്ക് താമസിക്കുന്നവർ മാത്രമാണ് ഫ്ലാറ്റുകളിൽ നിന്ന് ഇതുവരെ ഒഴിഞ്ഞുപോയത്. പുനരധിവാസത്തിലെ ആശയക്കുഴപ്പം തീര്‍ക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഫ്ലാറ്റ് ഉടമകള്‍ അതിനുശേഷം മാത്രമേ ഒഴിഞ്ഞുപോകുവെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, മരട് ഫ്ലാറ്റ് പൊളിക്കല്‍ പുനരധിവാസത്തിലെ അവ്യക്തത പരിഹരിക്കുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉറപ്പ് നല്‍കി. പുനരധിവാസത്തിനുള്ള ഫ്ലാറ്റുകളുടെ പുതിയ പട്ടിക നഗരസഭ ഇന്ന് ഉടമകള്‍ക്ക് നല്‍കും. മൂന്നാം തീയതി ഫ്ലാറ്റുകള്‍ ഒഴിയണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം. എന്നാല്‍ മാറി താമസിക്കാന്‍ ഫ്ലാറ്റുകള്‍ കണ്ടെത്തുന്നത് വൈകുന്നതോടെ നിശ്ചയിച്ച കാലപരിധിക്കുള്ളില്‍ ഒഴിയാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഫ്ലാറ്റുടമകള്‍. പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ സബ് കളക്ടർ കഴിഞ്ഞ ദിവസം ഫ്ലാറ്റുകള്‍ സന്ദർശിച്ചിരുന്നു.