മരട് : എഡിഫൈസ് എഞ്ചിനീയറിങ്ങും വിജയ് സ്റ്റീൽസും പൊളിക്കും

Jaihind News Bureau
Wednesday, October 9, 2019


കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ടു കമ്പനികളെ തീരുമാനിച്ചു. മുംബൈയിൽ നിന്നുള്ള എഡിഫൈസ് എഞ്ചിനീയറിങ്ങും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീൽസുമാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തത്. വെള്ളിയാഴ്ച ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും.

15 ദിവസം എടുത്ത് ഓരോ ഫ്ലാറ്റുകളും പൊളിക്കുന്ന വിധവും പൊളിക്കാൻ എടുക്കുന്ന സമയവുമടക്കം വിശദമായ റിപ്പോർട്ട് കമ്പനികൾ സർക്കാരിനു കൈമാറും. തുടർന്ന് 90 ദിവസം എടുത്ത് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കും. 30 ദിവസത്തിനുള്ളിൽ അവശിഷ്ടങ്ങളും മാറ്റും.

അതെ സമയം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് മാറ്റുന്നതിൽ ഉപദേശങ്ങൾ നൽകാൻ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള വിദഗ്ദ എഞ്ചിനിയറുടെ സേവനം ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചു. പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ സർക്കാർ പ്രതിനിധിയായി വിദഗ്ധ എൻജിനിയർ എസ്.ബി.സർവാത്തേ വ്യാഴാഴ്ച കേരളത്തിൽ എത്തും. ഇരുന്നൂറിലേറെ കെട്ടിടങ്ങൾ പൊളിച്ചതിന്‍റെ അനുഭവ സമ്പത്തുമായാണ് സർവാത്തെ എത്തുന്നത്.