ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള തീരുമാനത്തെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മരടിൽ ഫ്ലാറ്റ്നിവാസികളുടെ സമരപന്തലിലേക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകക്ഷി യോഗത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോയി കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ധരിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മരടിലെ ഫ്ലാറ്റുടമകളുടെ സമര വേദിയിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
സങ്കട കണ്ണീരോടെയാണ് ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഫ്ലാറ്റ് നിവാസികൾ തങ്ങളുടെ ആവലാതികൾ പങ്കുവെച്ചത്. കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും പൂർണ പിന്തുണ അദേഹം ഉറപ്പ് നൽകി. ഏത് കാര്യം ചെയ്യുമ്പോഴും മനുഷ്യത്വം നോക്കേണ്ടതുണ്ട്. ഏത് നിയമവും നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ആവശ്യമാണ്, പക്ഷെ അത് നടപ്പിലാക്കുമ്പോൾ അതിന് ഇരകളാകുന്ന ജനങ്ങളെ കൂടി കണക്കിലെടുക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സംസ്ഥാനം ഒറ്റകെട്ടായി നിന്ന് പ്രശ്‌നത്തെ നേരിടണമെന്ന് പരിപാടിയിൽ സംസാരിച്ച പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കാത്തത് ശരിയല്ലെന്നും പൊളിക്കല്‍ നടപടി പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്ലാറ്റ് ഉടമകളുടെ പ്രശ്‌നങ്ങള്‍ കാണിച്ച് പ്രധാനമന്ത്രിക്ക് ഹർജി നൽകുമെന്ന് ഹൈബി ഈഡൻ എം.പിയും അറിയിച്ചു. മുൻ മന്ത്രിമാരായ കെ.വി തോമസ്, കെ ബാബു, ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ഡൊമിനിക് പ്രസന്‍റേഷൻ ഉൾപ്പടെയുള്ള യു.ഡി.എഫ്- കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മാർച്ചിൽ പങ്കാളികളായി.