വയനാട്ടിലെ വൈത്തിരിയില്‍ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടല്‍; വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്ക്

വയനാട്ടിലെ വൈത്തിരിയില്‍ മാവോയിസ്റ്റ് ആക്രമണം. വൈത്തിരിയിലെ റിസോർട്ടിൽ മിന്നലാക്രമണം നടത്തിയ  മാവോയിസ്റ്റുകൾ താമസക്കാരെ ബന്ദികളാക്കി. മാവോയിസ്റ്റ് ആക്രമണത്തിന് പിന്നാലെ പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും റിസോര്‍ട്ട് വളഞ്ഞു. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പോലീസും തണ്ടര്‍ബോള്‍ട്ടും സേനയും തിരിച്ചടിച്ചു. പോലീസ്-തണ്ടര്‍ബോള്‍ട്ട് സംഘത്തിന്‍റെ ആക്രമണത്തില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാള്‍ മരിച്ചതായി സൂചന. രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു.

വൈത്തിരി ലക്കിടിക്ക് സമീപം ദേശീയപാതയോരത്തുള്ള ഉപവൻ റിസോർട്ടിൽ ഇന്നലെ രാത്രി എട്ടോടെയാണ് മാലവോയിസ്റ്റ് സംഘം ഇരച്ചുകയറിയത്. റിസോര്‍ട്ടിന്‍റെ ഫ്രണ്ട് ഓഫീസിലെത്തിയ സംഘം പണം ആവശ്യപ്പെട്ടു. പണം നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ നിലപാടെടുത്തതോടെ തോക്ക് ചൂണ്ടിയ സംഘം ഇവരെ ബന്ദികളാക്കുകയാരിന്നു.  ഇതിനിടെ റിസോര്‍ട്ട് ജീവനക്കാരിലാരോ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ്-തണ്ടര്‍ ബോള്‍ട്ട് സംഘം റിസോര്‍ട്ട് വളയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മാവോയിസ്റ്റ് സംഘം വെടിവെപ്പ് ആരംഭിച്ചത്.  ഇതോടെ പൊലീസ് തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

ശക്തമായി തിരിച്ചടിച്ച പോലീസ്-തണ്ടര്‍ബോള്‍ട്ട് സംഘം റിസോർട്ടിനുള്ളില്‍ കടന്നു. ഇതിനിടെ വെടിയേറ്റ് മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്ക് ചിതറിയോടിയെന്ന വിവരത്തെ തുടർന്ന് പോലീസ്-തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു.  പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ചിതറിയോടിയ മാവോയിസ്റ്റ് സംഘത്തിനായി കാട്ടിനുള്ളിൽ തിരച്ചിൽ തുടരുകയാണ്. മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്ന് ബംഗളുരു ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു.

WayanadMaoist Attackvythiri
Comments (0)
Add Comment