മാവോയിസ്റ്റ് ഭീഷണി; രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍; സൈനികന്‍റെ വീട് സന്ദര്‍ശിക്കാനാവില്ല

Jaihind Webdesk
Tuesday, March 12, 2019

Rahul-Gandhi-34

കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര റദ്ദാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വയനാട് സന്ദര്‍ശനം ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വയനാട് ജില്ലയിലെ പരിപാടികള്‍ ഒഴിവാക്കിയത്.

പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിക്കാനായിരുന്നു രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് യാത്ര റദ്ദാക്കേണ്ടിവന്നത്.

വൈത്തിരിയിലെ മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.

കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുക്കും.