‘കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രി, മനുഷ്യന്‍റെ കരള്‍ കൊത്തിവലിക്കുന്ന കഴുകന്‍’ ; പിണറായിക്കെതിരെ മാവോയിസ്റ്റ് ലഘുലേഖ

Jaihind Webdesk
Tuesday, August 3, 2021

കൽപ്പറ്റ : കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മാവോയിസ്റ്റ് ലഘുലേഖ. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍  മാവോവാദികളെത്തിയാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്. പിണറായി വിജയൻ മരണത്തിന്റെ വ്യാപാരിയാണെന്നും മാവോയിസ്റ്റ് ലഘുലേഖയിൽ പറയുന്നു.

‘മിസ്റ്റർ പിണറായി വിജയൻ, നിങ്ങൾ കേരളം കണ്ട ഏറ്റവും നരഭോജിയായ മുഖ്യമന്ത്രിയാണ്. നിങ്ങളെയിനി സോഷ്യൽ ഫാസിസ്റ്റ് എന്നോ മുണ്ടുടുത്ത മോദിയെന്നോ ആരും വിളിക്കില്ല. നിങ്ങൾ മനുഷ്യന്‍റെ കരൾ കൊത്തിവലിക്കുന്ന കഴുകനാണ്. മരണത്തിന്‍റെ വ്യാപാരിയാണ്’- ഇങ്ങനെയാണ് ലഘുലേഖയിലെ വരികൾ.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പെരിഞ്ചേരിമല ആദിവാസി കോളനിയില്‍ നാലംഗ സംഘം എത്തിയത്. രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമടങ്ങുന്ന  സംഘമാണ് കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത്. പരിസരത്തെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ പോസ്റ്ററുകള്‍ പതിച്ചതിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.