മാവോയിസ്റ്റ് സംഘം വയനാട്ടില്‍; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം

 

മാനന്തവാടി: തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് വയനാട്ടില്‍  മാവോയിസ്റ്റ് സംഘം എത്തി. തലപ്പുഴ കമ്പമലയിലാണ് ഇന്ന് രാവിലെ 6.15  ഓടെ ആയുധധാരികളായ സംഘം എത്തിയത്.തുടര്‍ന്ന്  തൊഴിലാളികളോട് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സി.പി.മൊയ്‌തീൻ, ആഷിഖ്, സന്തോഷ്‌, സോമൻ എന്നിവരടങ്ങിയ സംഘമാണ് കമ്പമലയിൽ എത്തിയതെന്നാണ് വിവരം. 2 പേരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. തൊഴിലാളികൾ താമസിക്കുന്ന പാടിയോട് ചേർന്ന കവലയിലാണ് മാവോയിസ്റ്റുകളെത്തിയത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും മാവോയിസ്റ്റ് സംഘം നാട്ടുകാരോട്  ആവശ്യപ്പെട്ടു. എന്നാല്‍ വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ മാവോയിസ്റ്റ് സംഘമെത്തി കമ്പമലയില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കമ്പമല പാടിയിലെത്തിയ അഞ്ചംഗ സായുധ സംഘം മാവോയിസ്റ്റ് നിരീക്ഷണത്തിനായി പോലീസ് സ്ഥാപിച്ച ക്യാമറയും തകര്‍ത്തു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയത്.

Comments (0)
Add Comment