പ്രളയശേഷം ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ഉണ്ടായതിനെ തുടർന്ന് ഇവിടങ്ങളിൽ താമസം ഒഴിവാക്കണമെന്ന് വിദഗ്ദ്ധ സംഘം. ഇടുക്കിയിൽ 52 സ്ഥലങ്ങളിൽ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ഉണ്ട്. കൂടുതൽ സ്ഥലങ്ങളിൽ ഭൂമി ഇടിഞ്ഞ് താഴുന്നത് ജനങ്ങളിൽ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷനും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമാണ് ഇക്കാര്യത്തിൽ പഠനം നടത്തുന്നത്.
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ 52 ഇടങ്ങളിലാണ് ഭൂമി ഇടിഞ്ഞ് താഴുകയും നിരങ്ങി നീങ്ങുകയും ചെയ്തത്. ഇതേ തുടർന്ന് ഈഭാഗങ്ങളിലെ നിരവധി വീടുകൾ തകർന്നു. തകരാത്ത പലവീടുകളിലും തകരുമെന്ന് പേടിച്ചിട്ട് താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഏക്കറുകണക്കിന് സ്ഥലവും കൃഷിയോഗ്യമല്ലാതായി. പലരും ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്താണ് ഭീഷണിയിലായിരിക്കുന്നത്. പ്രദേശത്ത് നിർമ്മാണങ്ങൾ പാടില്ലെന്നും താമസം ഒഴിവാക്കണമെന്നുമാണ് വിദഗ്ദ്ധസംഘം ശുപാർശ ചെയ്യുന്നത്. പകരം എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഹൈറേഞ്ചിലെ നിരവധി കുടുംബങ്ങൾ.
ഈ സ്ഥലങ്ങളിലെല്ലാം 30 മീറ്ററോളം ആഴത്തിൽ മണ്ണുണ്ട്. ഈ മണ്ണിൽ വെള്ളം കെട്ടി നിന്നതാണ് ഇടിഞ്ഞു താഴാൻ കാരണമെന്നാണ് കണ്ടെത്തൽ. അതിനാൽ പ്രദേശത്ത് വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യതകൾ ഒഴിവാക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഉരുൾപൊട്ടൽ മേഖലയിലെ അശാസ്ത്രീയമായ കെട്ടിട നിർമ്മാണം ഒഴിവാക്കണമെന്നും സംഘാംഗങ്ങൾ പറഞ്ഞു.
https://youtu.be/DGaA9BihewQ