‘എനിക്ക് ഇവിടെ മാത്രമല്ല, ദേശാഭിമാനിയിലുമുണ്ടെടാ പിടി’; പി. ജയരാജന്‍റെ മകന്‍റെ മാനനഷ്ട നോട്ടീസ് വാർത്തയില്‍ പരിഹാസവുമായി മനു തോമസ്

 

 

കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍റെ മകൻ ജെയ്ൻ പി. രാജിന്‍റെ പരാതിയിൽ തനിക്കെതിരെ മാനഷ്ട്ട കേസിന് നോട്ടീസ് അയച്ച വാർത്ത ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചതിനെ പരിഹസിച്ച് മനു തോമസിന്‍റെ എഫ്ബി പോസ്റ്റ്. ‘എന്‍റെ വീട്ടിൽ രാവിലെ 6 മണിക്ക് വീഴുന്ന ഏക പത്രം ഇപ്പോഴും ദേശാഭിമാനിയാണ്. ഞാൻ ഭീകരമായി സർക്കുലേഷൻ കൂട്ടിയ
പത്രമാണ്’ എന്ന വാചകത്തോടെയാണ് എഫ്ബി പോസ്റ്റ് ആരംഭിക്കുന്നത്. ദേശാഭിമാനി എന്തുകൊണ്ട് എനിക്കെതിരായി ഒരു ക്വട്ടേഷൻ സംഘം കൊടുത്ത മാനനഷ്ടക്കേസ് വാർത്ത കൊടുത്തു എന്നതിൽ ആശ്ചര്യമില്ല. ‘ഇവിടെ മാത്രമല്ല, എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ പിടി’ എന്ന പരിഹാസത്തോടെയാണ് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് മനു തോമസ് പുറത്തായതിനുപിന്നാലെയാണ് വിവാദം കൊഴുത്തത്. ഡിവൈഎഫ്ഐ നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവും യുവജനക്ഷേമബോർഡ് അധ്യക്ഷനുമായ എം. ഷാജറിനെതിരെ മനു തോമസ് ആരോപണമുയർത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 23-ന് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളുമായി ചേർന്ന് എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഒരുവർഷം മുമ്പ് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു കത്തിന്‍റെ ഉള്ളടക്കം. ക്വട്ടേഷൻ അംഗം ആകാശ് തില്ലങ്കേരിയുടെ ശബ്ദരേഖ ഹാജരാക്കിയിട്ടും മൂന്നു തവണ ജില്ല കമ്മിറ്റിയിൽ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കത്തിലുണ്ട്.

ആരോപണമുന്നയിച്ച മനു തോമസിനെതിരെ സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ രംഗത്തെത്തി. 15 മാസമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്നയാളെ ‘ഒരു വിപ്ലവ’കാരിയുടെ പതനം എന്ന് പരിഹസിച്ച് ഫേസ്ബുക്കിലാണ് പി. ജയരാജൻ രംഗത്തെത്തിയത്. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിൽ ആക്കിയയാളാണ് പി. ജയരാജൻ എന്ന വിമർശനത്തോടെ ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ മാറ്റിയെന്ന ഗുരുതര ആരോപണവുമായി മനു തോമസ് ഫേസ്ബുക്കിൽ തിരിച്ചടിച്ചു. പി. ജയരാജന്‍റെ മകനെതിരെയും മനു തോമസ് തുറന്നടിച്ചു. പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. പി ജയരാജന്‍റെ മകന്‍ സ്വര്‍ണ്ണം പൊട്ടിക്കലിന്‍റെ കോര്‍ഡിനേറ്ററാണെന്നും ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിച്ചു. വെളിപ്പെടുത്തലിനു പിന്നാലെ തനിക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് പറഞ്ഞു. ആരോപണ പ്രത്യാരോപണങ്ങളുടെ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മനു തോമസ്.

Comments (0)
Add Comment