യൂത്ത് ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ മനു ഭാക്കര്‍ ഇന്ത്യക്കായി സ്വർണം കരസ്ഥമാക്കി. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ 236.5 പോയിൻറ് നേടിയായിരുന്നു ഭാക്കറുടെ നേട്ടം. റഷ്യയുടെ ലന എനിന വെള്ളിയും നിനോ ഖുദ്‌സിബെരിദ്‌സ് വെങ്കലവും നേടി.
യൂത്ത് ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡലാണ് ഭാക്കർ നേടിയത്. ആൺകുട്ടികളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ തുഷാർ മാനെ, പെൺകുട്ടികളുടെ 44 കിലോഗ്രാം വിഭാഗം ജൂഡോയിൽ തബാബി ദേവി, പെൺകുട്ടികളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഹൂലി ഘോഷ് എന്നിവരും ഇന്ത്യക്കായി വെള്ളി കരസ്ഥമാക്കി. കഴിഞ്ഞ തവണ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്.
നേരത്തെ, ആൺകുട്ടികളുടെ 62 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുൻഗ ഇന്ത്യക്കായി സ്വർണം കരസ്ഥമാക്കിയിരുന്നു. പതിനഞ്ചുകാരനായ ഐസ്വാൾ സ്വദേശി ലോക യൂത്ത് ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവാണ്. 274 കിലോഗ്രാം ഉയർത്തി ഇന്ത്യൻ താരം സുവർണ നേട്ടത്തിലെത്തി. സ്‌നാച്ചിൽ 124 കിലോഗ്രാം, ക്ലീൻ ആൻഡ് ജർക്കിൽ 150 കിലോഗ്രാം എന്നിങ്ങനെയാണ് ജെറോമി ഉയർത്തിയത്.
രണ്ട് സ്വർണം ഉൾപ്പടെ അഞ്ചു മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. റഷ്യയാണ് ഒന്നാം സ്ഥാനത്ത്.