മൻസൂർ വധം : ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു ; സംഭവസ്ഥലത്ത് പരിശോധന

 

കണ്ണൂർ : മൻസൂർ വധക്കേസില്‍ ക്രൈംബ്രാഞ്ച് ഐജി സ്പർജൻകുമാറിൻ്റെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം മൻസൂറിൻ്റെ വീട്ടിലെത്തി. അക്രമം നടന്ന സ്ഥലത്തും സംഘം പരിശോധന നടത്തി.

ഐ ജി സ്പർജൻകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം മുക്കിലെപീടികയിലെ മൻസൂറിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. ഡിവൈഎസ്പി പി. വിക്രമനും മറ്റ് അന്വേഷണ സംഘാംഗങ്ങളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വീട്ടിലെത്തിയ  സംഘം മൻസൂറിൻ്റെ സഹോദരൻ മുഹ്സിനുമായും മറ്റു കുടുംബാഗങ്ങളുമായും സംസാരിച്ചു. തുടർന്ന് മൻസൂറിന് നേരെ അക്രമം നടന്ന സ്ഥലത്തും  പരിശോധന നടത്തി.

കേസിൻ്റെ അന്വേഷണം ആരംഭിച്ചെന്ന് ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാർ പറഞ്ഞു. രേഖപ്പെടുത്തിയ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥൻ വിശദമായി പരിശോധിക്കും. ഇതിനിടെ മൻസൂറിനെ അക്രമിച്ച സ്ഥലത്തിൻ്റെ സമീപത്ത് നിന്ന് കണ്ടെത്തിയ ഷർട്ട് ശ്രീരാഗിൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രദേശവാസികളാണ് ഷർട്ട് പൊലീസിനെ ഏൽപ്പിച്ചത്.

Comments (0)
Add Comment