കണ്ണൂർ : പാനൂർ മന്‍സൂർ വധക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം രണ്ടായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒദയോത്ത് അനീഷാണ് പിടിയിലായത്. ആദ്യ പ്രതിപ്പട്ടികയിൽ ഇല്ലാത്ത ആളാണ് കൊച്ചിയങ്ങാടി സ്വദേശിയായ അനീഷ്. ഒളിവിൽ കഴിയവെയാണ് തലശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിപ്പട്ടികയിലുള്ള മിക്കവരും സിപിഎം ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരുമാണ്.
സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരായ ഷിനോസ്, രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈൽ, സജീവൻ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നാസർ എന്നിവരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. കണ്ടാൽ അറിയാവുന്ന മറ്റ് 14 പേരും പ്രതികളെന്ന് പ്രഥമവിവര റിപ്പോർട്ട് വ്യക്തമാക്കുന്നു. 7/4/2021 ന് ചൊക്ലി പൊലീസ് തയാറാക്കിയ പ്രഥമവിവര റിപ്പോർട്ടിലാണ് പ്രതികളുടെ പേരുകളുള്ളത്.
പ്രതികളിൽ ഒരാളായ ജാബിർ സി പി എം ലോക്കൽ കമ്മിറ്റി അംഗമാണ്, ശശി സിപിഎം കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും. ശശിയായിരുന്നു വോട്ടെടുപ്പ് ദിവസം വോട്ടർമാരെ യുഡിഎഫ് പ്രവർത്തകർ കാറിൽ കൊണ്ടു പോകുമ്പോൾ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്. മറ്റൊരു പ്രതിയായ സുഹൈൽ ഡിവൈഎഫ്ഐ മേഖല ട്രഷറർ ആണ്. സുഹൈലാണ് കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകൻ. ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുമായി സുഹൈലിന് അടുത്ത ബന്ധമാണുള്ളത്. ജാബിറും ആകാശ് തില്ലങ്കേരിയുടെ സുഹൃത്താണ്. സംഗീത് ആണ് അക്രമികളിൽ പ്രധാനി. വാള് കൊണ്ട് വെട്ടിയത് സംഗീത് ആണെന്നാണ് സൂചന. പ്രതികളിൽ ഒരാളായ രതീഷിന്നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു പ്രതിയായ ഷിനോസിനെയാണ് മൻസൂറിൻ്റെ സഹോദരൻ മുഹ്സിനും, നാട്ടുകാരും പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾ റിമാൻഡിലാണ്.
പ്രതികളായ സജീവനും, ശ്രീരാഗും സജീവ സിപിഎം പ്രവർത്തകരാണ്. ഇവർ ആരും തന്നെ വീട്ടിൽ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും ഒളിവിൽ ആണെന്നാണ് പോലീസ് ഭാഷ്യം. സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി മുതൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് വരെ മൻസൂർ വധക്കേസിൽ പങ്കുണ്ടെന്നാണ് എഫ് ഐആറിൽ നിന്ന് വ്യക്തമാകുന്നത്. കൊലപാതകത്തിന് മുമ്പും ശേഷവും കൊലയാളി സംഘങ്ങൾ ഏതൊക്കെ നേതാവുമായി ബന്ധപ്പെട്ടുവെന്നത് വരും ദിവസങ്ങളിൽ പുറത്ത് വരും. സിപിഎം നേതൃത്വത്തിൻ്റെ അറിവോടെ ആസൂത്രിതമാ യി നടപ്പിലാക്കിയ അക്രമവും കൊലപാതകവുമാണെന്നാണ് മൻസൂറിൻ്റെത് എന്നാണ് വ്യക്തമാകുന്നത്.