മന്‍സൂർ വധക്കേസ് : പ്രതികള്‍ ഉപയോഗിച്ച മൊബൈലുകള്‍ പിടിച്ചെടുത്തു

Jaihind Webdesk
Thursday, April 22, 2021

 

കണ്ണൂർ : മുസ്‌ലിം ലീഗ് പ്രവർത്തകന്‍ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. 4 മൊബൈൽ ഫോണുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തെളിവെടുപ്പിനിടെ പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഫോണുകൾ കണ്ടെടുത്ത്. ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് ഡി.വൈ.എസ്.പി വിക്രമൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സിപിഎം പ്രാദേശിക നേതാക്കളെ മർദ്ദിച്ചതിന്‍റെ വിരോധത്തിലാണ് മുസ്‌ലിം ലീഗ് പ്രവർത്തകനെ അക്രമിച്ചതെന്നാണ് പ്രതികളുടെ മൊഴി.

മൊബൈൽ ഫോണിന്‍റെ പരിശോധനാഫലം പുറത്തുവരുമ്പോൾ ഗൂഢാലോചനയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ. ഏഴ് പ്രതികളെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡയിൽ വിട്ടുനൽകിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മൻസൂറിന്‍റെ അയൽവാസിയുമായ ഷിനോസിന് കൊവിഡ് പോസീറ്റീവ് ആയതിനാൽ ചികിത്സയിലാണ്.

സിപിഎം പ്രവർത്തകരായ പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കൽ വീട്ടിൽ കെ സംഗീത് (22), പുല്ലൂക്കരയിലെ നെല്ലിയിൽ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കിൽ പിടികയിൽ കായത്തിൽ പറമ്പത്ത് കെ പി സുഹൈൽ (32), പുല്ലൂക്കരയിലെ മുല്ലയിൽ അശ്വന്ത് (27), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷ് (38), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് വിപിൻ (28), പുല്ലൂക്കര മുക്കിൽ പിടികയിലെ ബാലന്റെ മകൻ ഇ കെ ബിജേഷ് (37) എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.

കഴിഞ്ഞ ഏപ്രിൽ ആറിനാണ് മുസ്‌ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അന്നുണ്ടായ ആക്രമണത്തിൽ സിപിഎം പ്രവർത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിനിടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തെളിവുകള്‍ പുറത്തുവരാതിരിക്കാന്‍ ഇയാളെ കൊലപ്പെടുത്തിയതാണെന്ന ആരോപണവും ശക്തമാണ്.