രാജീവ് ഗാന്ധിയെ അപമാനിച്ച മോദിക്കെതിരെ നോട്ടീസ് അയക്കൂ; സ്വന്തം രക്തത്താല്‍ കത്തെഴുതി അമേഠിയിലെ യുവാവ്

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജീവ് ഗാന്ധിയെ നിരന്തരം അപമാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു. അമേഠിയില്‍ നിന്നുള്ള ഒരു യുവാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സ്വന്തം രക്തം കൊണ്ട് കത്തെഴുതി ആവശ്യപ്പെട്ടിരിക്കുന്നത് മോദിക്കെതിരെ നോട്ടീസ് അയക്കുവാനാണ്. രാജീവ്ഗാന്ധി വിരുദ്ധ പരാമര്‍ശത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് മനോജ് കശ്യപ് കത്തയച്ചത്. അമേഠിയിലെ ഷാഗഡ് സ്വദേശിയാണ് മാനോജ്.

രാജീവ് ഗാന്ധിയാണ് വോട്ട് രേഖപ്പെടുത്താനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കിയത്, പഞ്ചായത്ത് രാജ് നടപ്പിലാക്കിയത്, രാജ്യത്ത് കമ്പ്യൂട്ടര്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത്. മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന എ.ബി. വാജ്‌പേയി പോലും രാജീവ്ഗാന്ധിയെ പ്രകീര്‍ത്തിച്ച് ലേഖനം എഴുതിയിട്ടുണ്ട് – മനേജ് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു

അമേഠിയിലെ മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന രാജീവ്ഗാന്ധിയെക്കുറിച്ച് ഇത്തരമുള്ള പ്രചാരണങ്ങളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാറി നില്‍ക്കണമെന്നും മനോജ് ആവശ്യപ്പെട്ടു.

അതേസമയം, രാജീവ് ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷയില്‍ രാജീവ് ഗാന്ധി വീഴ്ച വരുത്തിയെന്നാണ് പുതിയ ആരോപണം. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി വീണ്ടും രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി എത്തിയത്.
നരേന്ദ്ര മോദി ആവര്‍ത്തിച്ച് നടത്തുന്ന പ്രസ്താവനകളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തെ രാജീവ് ഗാന്ധി അഴിമതിക്കാരാനാണെന്ന് ആരോപിച്ചതിനു പിന്നാലെയും മോദിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.  കോണ്‍ഗ്രസിനു പിന്നാലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും മോദിയുടെ വാക്കുകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ്. രാജീവിന്റെ കൊലപാതകത്തില്‍ ആരാണ് ഉത്തരവാദി എന്നായിരുന്നു അഹമ്മദ് പട്ടേലിന്റെ ചോദ്യം.

രക്തസാക്ഷിയായ ഒരു പ്രധാനമന്ത്രിയെ കുറിച്ച് ഇത്തരത്തില്‍ സംസാരിക്കുകയെന്നത് ആത്യന്തികമായി ഭീരുത്വമാണെന്നും ആ കൊലപാതകത്തിന് ഉത്തരവാദി ആരാണെന്ന് മോദി തന്നെ പറയണമെന്നുമായിരുന്നു അഹമ്മദ് പട്ടേല്‍ പറഞ്ഞത്. രാജീവിനെതിരെ ആക്രമണമുണ്ടാകുമെന്ന് നിരന്തരമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നിട്ടും ബി.ജെ.പി നേതൃത്വത്തിലുള്ള വി.പി സിങ് സര്‍ക്കാര്‍ രാജീവിന് സുരക്ഷയൊരുക്കിയില്ലെന്നും ഒരു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ മാത്രമായിരുന്നു രാജീവിനൊപ്പമുണ്ടായിരുന്നതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

Amethirajiv gandhinarendra modi
Comments (0)
Add Comment