സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ മൂന്ന് സുപ്രധാന നിർദേശങ്ങളുമായി ഡോ. മന്‍മോഹന്‍ സിംഗ്

Jaihind News Bureau
Tuesday, August 11, 2020

രാജ്യത്തിന്‍റെ സാമ്പത്തിക തകർച്ചയും കൊവിഡ് മൂലമുള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിന് മൂന്ന് സുപ്രധാന നിർദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. വിവിധ മേഖലകളിലെ സാമ്പത്തിക വെല്ലുവിളി അതിജീവിക്കാന്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 10 ശതമാനം അധികമായി ചെലവഴിക്കേണ്ടി വന്നാല്‍ അതിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്തെ കാര്യക്ഷമതയില്ലായ്മയില്‍ പൊതുവേ പ്രതിസന്ധിയിലായിരുന്ന ഇന്ത്യയുടെ സാമ്പത്തികരംഗത്തെ കൂടുതല്‍ പരിക്കേല്‍പ്പിക്കുന്നതാണ് കൊവിഡ് മഹാമാരി മൂലം ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ ക്ഷീണം. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മൂന്ന് നിർദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു.

ജനങ്ങളുടെ ഉപജീവനമാർഗം സംരക്ഷിക്കാനുള്ള നടപടികളാണ് ഒന്നാമതായി സ്വീകരിക്കേണ്ടത്. ഇതിലൂടെ ജനങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ കഴിയുന്ന സ്ഥിതി ഉണ്ടാകും. ഇതിന് നല്ലൊരു തുക ജനങ്ങള്‍ക്ക് നേരിട്ട് പണമായി നല്‍കാന്‍ സർക്കാർ നടപടി സ്വീകരിക്കണം.

രണ്ടാമതായി സർക്കാർ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരന്‍റി പദ്ധതികളിലൂടെ ബിസിനസുകള്‍ക്ക് മതിയായ മൂലധനം ലഭ്യമാക്കണം.  മൂന്നാമത് സ്ഥാപനങ്ങളുടെ സ്വയംഭരണം ഉള്‍പ്പെടെയുള്ള പ്രക്രിയകളിലൂടെ സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുക എന്നതാണ്.

സാധാരണ ജനങ്ങള്‍ക്ക് പണം നേരിട്ട് നല്‍കുന്ന ഡയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതിക്കും ബിസിനസുകള്‍ക്ക് കൂടുതല്‍ മൂലധനവും വായ്പാസൗകര്യവും നല്‍കുന്നതിനായി വായ്പ എടുക്കേണ്ടിവരുന്നത് അനിവാര്യമാകും. വരും വർഷങ്ങളില്‍ രാജ്യത്തിന്‍റെ സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഈ മൂന്ന് കാര്യങ്ങളും സുപ്രധാനമാണെന്ന് ഡോ. മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.